റായ്പൂര്‍: ഛത്തീസ്ഗഡില്‍ 12 ദിവസം മുമ്പ് മാവോവാദികള്‍ തട്ടിക്കൊണ്ടു പോയി ബന്ദികളാക്കിയ നാലു പോലിസുകാരെ മോചിപ്പിച്ചു. ബിജാപ്പൂരിലെ ആന്ധ്രാ അതിര്‍ത്തിയോടു ചേര്‍ന്ന മാദര്‍ എന്ന സ്ഥലത്തുവച്ചാണ് നാലു പോലിസുകാരെയും പ്രാദേശിക വാര്‍ത്താചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ക്കു കൈമാറിയത്. നാലു പേരും മോചിതരായെന്ന് പിന്നീട് ദന്തേവാഡ എസ്പി എസ്.ആര്‍.പി കല്ലൂരിയും അറിയിച്ചു.

സബ് ഇന്‍സ്‌പെക്ടര്‍ സുഖറാം ഭഗത്, കോണ്‍സ്റ്റബിള്‍മാരായ ബി തോപ്പോ, നരേന്ദ്ര ഭോസ്‌ലെ സുഭാഷ് പട്ടാരെ എന്നിവരെയാണ് വ്യാഴാഴ്ച രാത്രി 8.30 ഓടെ മാവോവാദികള്‍ വിട്ടയച്ചത്.

ആന്ധ്രയിലെ മാവോവാദി അനുകൂല എഴുത്തുകാരനായ വരവരറാവുവും പ്രാദേശിക മാധ്യമപ്രവര്‍ത്തകരും ബന്ദികളുടെ മോചനത്തിനായി മാവോവാദികളില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ബന്ദികളെ മോചിപ്പിക്കുന്നതിനായി മാവോവാദികള്‍ നല്‍കിയ രണ്ടാമത്തെ അന്ത്യശാസനം ഇന്നലെ രാവിലെ അവസാനിച്ചിരുന്നു.

മോചനത്തിനു പകരമായി എന്ത് ഉപാധികളാണ് സര്‍ക്കാര്‍ അംഗീകരിച്ചതെന്നതിനെക്കുറിച്ച് വിവരമൊന്നുമില്ല. ബന്ദികളുടെ വീഡിയോ ദൃശ്യങ്ങള്‍ ഇന്നലെ രാവിലെ പ്രാദേശിക വാര്‍ത്താ ചാനല്‍ മുഖേന മാവോവാദികള്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരുന്നു. ജയിലുകളില്‍ കഴിയുന്ന സഹപ്രവര്‍ത്തകരെ വിട്ടയയ്ക്കുക, ബസ്തര്‍ മേഖലയിലെ ഓപ്പറേഷന്‍ ഗ്രീന്‍ഹണ്ട് പിന്‍വലിക്കുക എന്നീ ഉപാധികളാണ് മാവോവാദികള്‍ മുന്നോട്ടു വച്ചിരുന്നത്.

ബിജാപ്പൂരിലെ ആന്ധ്രാപ്രദേശ് അതിര്‍ത്തി പ്രദേശമായ വനമേഖലയില്‍ നിന്നും സപ്തംബര്‍ 19 നാണ് ഏഴു പോലിസുകാരെ മാവോവാദികള്‍ തട്ടിക്കൊണ്ടുപോയത്. ഇതില്‍ മൂന്നു പോലിസുകാരെ മാവോവാദികള്‍ കൊലപ്പെടുത്തിയിരുന്നു.