തിരുവനന്തപുരം: നഴ്‌സുമാരുടെ സമരം ഒത്തു തീര്‍പ്പാക്കാനുളള സര്‍ക്കാര്‍ ശ്രമങ്ങളെ പരാജയപ്പെടുത്താന്‍ ചില ആസ്പത്രി മാനേജ്‌മെന്റുകള്‍ ശ്രമിക്കുന്നതായി തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍. നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ ഒരു ചോദ്യത്തിനുള്ള മറുപടി ആയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

ജൂണ്‍ ഒന്ന് മുതല്‍ പുതിയ മിനിമം നിരക്കില്‍ ശമ്പളം നല്‍കാന്‍ ആസ്പത്രികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കുറെ ദിവസങ്ങളായി സംസ്ഥാനത്തെ ഒട്ടുമിക്ക സ്വകാര്യ ആസ്പത്രികളിലെയും നഴ്‌സുമാര്‍ സമരത്തിലാണ്. ജീവിക്കാനാവശ്യമായ മിനിമം വേതനം ഉറപ്പാക്കണമെന്നാണ് നഴ്‌സുമാരുടെ പ്രധാന ആവശ്യം.

അവശേഷിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി അടുത്തയാഴ്ച വീണ്ടും ചര്‍ച്ച നടത്തും. സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെയും മറ്റ് ജീവനക്കാരുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നിയമനിര്‍മാണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

തെറ്റായ രേഖകള്‍ നല്‍കുന്ന മാനേജ്‌മെന്റുകള്‍ക്കെതിരെ വഞ്ചനാകുറ്റത്തിന് നടപടി സ്വീകരിക്കും. കരാര്‍ അടിസ്ഥാനത്തില്‍ ആശുപത്രികളില്‍ ക്ലീനിങ് ഉള്‍പ്പെടെയുള്ള ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് മിനിമം വേതനം നല്‍കണമെന്ന നിര്‍ദേശവും അംഗീകരിച്ചിട്ടുണ്ട്.

ഇന്‍േറണ്‍ഷിപ്പ് ലഭിക്കാതെ പുതുതായി പുറത്തിറങ്ങുന്ന നഴ്‌സിങ് വിദ്യാര്‍ഥികള്‍ക്ക് ഒരു വര്‍ഷത്തെ പരിശീലനം നല്‍കാം. ഈ കാലയളവില്‍ ഈ വിദ്യാര്‍ഥികള്‍ക്ക് മതിയായ സ്‌റ്റൈപ്പന്റ് നല്‍കണം. ഇന്‍േറണ്‍ഷിപ്പ് ലഭിച്ചിട്ടുള്ള നഴ്‌സിങ് വിദ്യാര്‍ത്ഥികള്‍ക്ക് ഇത് ബാധകമല്ല. പരിശീലന കാലത്തെ ഇന്‍േറണ്‍ഷിപ്പ് തുക മാനേജ്‌മെന്റുകളും തൊഴിലാളി യൂണിയന്‍ നേതാക്കളും ലേബര്‍ കമ്മീഷണറുമായി ചേര്‍ന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും കഴിഞ്ഞ ദിവസം മന്ത്രി വ്യക്തമാക്കിയിരുന്നു

സ്വകാര്യ മേഖലയിലെ നഴ്‌സമാരുടെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനായി ആരോഗ്യ വകുപ്പ് ചുമതലപ്പെടുത്തിയ ഡോ. ബലരാമന്‍ കമ്മീഷന്റെ റിപ്പോര്‍ട്ടുകൂടി പരിഗണിച്ച് ഈ ജൂണ്‍മാസം പുതിയ മിനിമം വേതനം നിലവില്‍ വരും. ചില ആശുപത്രി മാനേജ്‌മെന്റുകള്‍ പുലര്‍ത്തിവരുന്ന പിടിവാശി ഉപേക്ഷിച്ച് സമരം നടത്തുന്ന സംഘടനകളുമായി ചര്‍ച്ച ചെയ്ത് പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും മന്ത്രി ഷിബു ബേബിജോണ്‍ വ്യക്തമാക്കി.

Malayalam news

Kerala news in English