എഡിറ്റര്‍
എഡിറ്റര്‍
നവജാത ശിശു മരിച്ചെന്ന് ആശുപത്രി; സംസ്‌കരിക്കാന്‍ കൊണ്ടു പോകും വഴി കണ്ണ് തുറന്ന് കുഞ്ഞ്
എഡിറ്റര്‍
Monday 17th March 2014 12:57pm

infant

രാജസ്ഥാന്‍: മരിച്ചുവെന്ന് ആശുപത്രി വിധിയെഴുതിയ നവജാത ശിശു സംസ്‌കരിക്കാന്‍ കൊണ്ടു പോകും വഴി കണ്ണു തുറന്നു.

രാജസ്ഥാനിലെ ബില്‍വാരയിലാണ് സംഭവം. മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് മഹാത്മാഗാന്ധി ജില്ലാ ആശുപത്രിയില്‍ വച്ച് ഗുജ്രി എന്ന 22കാരി ഏഴ് മാസം പ്രായമായ കുഞ്ഞിനെ പ്രസവിച്ചത്.

പ്രസവിച്ചയുടന്‍ തന്നെ ലേബര്‍ റൂമിന്റെ ചാര്‍ജുണ്ടായിരുന്ന സ്റ്റാഫ് കുഞ്ഞ് മരിച്ചുവെന്ന് മാതാപിതാക്കളെയും ബന്ധുക്കളെയും അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങിക്കൊണ്ടുള്ള ഫോം ബന്ധുക്കളെ കൊണ്ട് ഒപ്പിട്ടു വാങ്ങി.

മരിച്ചെന്നു കരുതി സംസ്‌കരിക്കുന്നതിനായി നാട്ടിലേക്ക് കൊണ്ടുപോകും വഴി കുഞ്ഞിന്റെ മുത്തശ്ശിയാണ് കുഞ്ഞിന്റെ കണ്ണുകള്‍ ഇളകുന്നത് കണ്ടത്. തുടര്‍ന്ന് ആശുപത്രിയിലേക്കു തന്നെ തിരിച്ചു കൊണ്ടുപോവുകയായിരുന്നു.

ഇപ്പോള്‍ കുഞ്ഞിന്റെ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ സംഭവം പ്രദേശത്ത് ഏറെ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്.

ആശുപത്രിക്കാര്‍ പറഞ്ഞത് വിശ്വസിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ തങ്ങളുടെ കുഞ്ഞ് തങ്ങളുടെ കൈ കൊണ്ടു തന്നെ കൊല്ലപ്പെട്ടേനെയെന്ന് കുഞ്ഞിന്റെ മുത്തശ്ശി പറഞ്ഞു.

പ്രസവിച്ചയുടന്‍ ചില കുഞ്ഞുങ്ങളുടെ ശ്വസനവും ഹാര്‍ട്ബീറ്റും ശരിയായ രീതിയിലാവില്ലെന്നും അതിനാല്‍ പ്രസവിച്ചയുടന്‍ തന്നെ കുഞ്ഞ് മരിച്ചുവെന്ന് വിധിയെഴുതരുതെന്നും ചൈല്‍ഡ് സ്‌പെഷലിസ്റ്റുകള്‍ അഭിപ്രായപ്പെട്ടു.

Advertisement