കയ്‌റോ: ഈജിപ്തില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം നടത്തിയവര്‍ക്ക് നേരെ വെടി വക്കാന്‍ ഹോസ്‌നി മുബാറക്ക് ഉത്തരവിട്ടിരുന്നില്ലെന്ന് കേസിലെ സാക്ഷിയും പോലീസ് ജനറലുമായിരുന്ന ഹുസൈന്‍ മൂസയുടെ മൊഴി. മൂസയ്ക്ക് പുറമേ നാല് പോലീസുകാരും മുബാറക്കിന് അനുകൂലമായി മൊഴി നല്‍കിയിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥരുടെ മൊഴിയെ തുടര്‍ന്നു കോടതി പരിസരത്തു നേരിയ സംഘര്‍ഷം ഉണ്ടായി.

തഹ്‌റീര്‍ സ്‌ക്വയറില്‍ പ്രക്ഷോഭകര്‍ക്ക് നേരെ വെടിയുതിര്‍ക്കാന്‍ മുബാറക്കോ ഭരണകര്‍ത്താക്കളോ ഉത്തരവിട്ടിരുന്നില്ലെന്നാണ് കേസ് വിചാരണ നടക്കുന്ന കോടതിയില്‍ ഹുസൈന്‍ മൂസ വ്യക്തമാക്കിയിരിക്കുന്നത്.

ജനാധിപത്യ പ്രക്ഷോഭകരെ കൂട്ടക്കൊല ചെയ്‌തെന്നും അഴിമതിയും അധികാര ദുര്‍വിനിയോഗവും നടത്തിയെന്നുമാണു മുബാറക്കിനെതിരായ കുറ്റാരോപണങ്ങള്‍. കുറ്റംതെളിഞ്ഞാല്‍ വധശിക്ഷവരെ ലഭിക്കാം. മുബാറക്കിന്റെ മക്കള്‍, ആറു സഹായികള്‍, മുന്‍ ആഭ്യന്തരമന്ത്രി എന്നിവരെയും സമാനകുറ്റങ്ങള്‍ക്കു വിചാരണ ചെയ്യും.

അതേസമയം, ഹുസൈന്‍ മൂസ ആദ്യം പ്രോസിക്യൂട്ടര്‍മാര്‍ക്ക് നല്‍കിയ മൊഴി മാറ്റിപ്പറയുകയാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. പ്രക്ഷോഭകര്‍ക്ക് നേരെ വെടിയുതിര്‍ക്കാന്‍ മുബാറക്ക് ഉത്തരവിട്ടുവെന്നാണ് കേസ്. ഹുസൈന്‍ മൂസയുടെ മൊഴിയോടെ കേസിന്റെ നിലനില്‍പ് തന്നെ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

ചെങ്കടല്‍ തീരത്തുള്ള ഷറം അല്‍ ഷെയ്ക്കിലെ ആശുപത്രിയില്‍ തടങ്കലിലാക്കപ്പെട്ടിരിക്കുന്ന മുബാറക്കിനെ വിചാരണയ്ക്കായി കഴിഞ്ഞമാസമാണു കെയ്‌റോയിലേക്കു കൊണ്ടുവന്നത്. ജനുവരിയില്‍ 18 ദിവസം നീണ്ട ജനകീയ പ്രക്ഷോഭത്തില്‍ 800 പേര്‍ കൊല്ലപ്പെട്ടിരുന്നു. പ്രസിഡന്റിന്റെ നിര്‍ദേശാനുസരണം പ്രക്ഷോഭകരെ വെടിവയ്ക്കാനുള്ള ഉത്തരവു നടപ്പാക്കിയതു താനാണെന്നു മുന്‍ ആഭ്യന്തരമന്ത്രി ഹബീബ് അല്‍ അദ്‌ലി കുറ്റസമ്മത മൊഴി നല്‍കിയിരുന്നു.