കെയ്‌റോ: അഴിമതിയാരോപണത്തിന്റെ പശ്ചാത്തലത്തില്‍ ഈജിപ്റ്റ് മുന്‍ പ്രസിഡന്റ് ഹോസ്‌നി മുബാറകിന്റെ രണ്ട് പുത്രന്‍മാരും കസ്റ്റഡിയിലായതായി റിപ്പോര്‍ട്ട്. അല, ഗമാല്‍ എന്നിവരെയാണ് 15 ദിവസത്തേക്ക് തടവില്‍ പാര്‍പ്പിക്കാന്‍ അധികാരികള്‍ തീരുമാനിച്ചിട്ടുള്ളത്.

നേരത്തേ മുബാറക്കിനേയും പുത്രന്‍മാരെയും അഴിമതിയാരോപണങ്ങളുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് മുബാറക്കിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മുബാറക്കിന്റെ പിന്‍ഗാമിയായി നേരത്തേ വിശേഷിപ്പിച്ചിരുന്ന ആളായിരുന്നു ഗമാല്‍.

ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്നാണ് മുബാറക്കിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. അതിനിടെ മുബാറക്കിന്റെ രണ്ടു മക്കളെയും കൊണ്ടുപോയ പോലീസ് വാനിനുനേരേ പ്രതിഷേധക്കാര്‍ കല്ലേറു നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് 30 വര്‍ഷത്തെ ഭരണം മതിയാക്കി ഫെബ്രുവരി 11 നായിരുന്നു മുബാറക് പടിയിറങ്ങിയത്.