കെയ്‌റോ: ജനകീയപ്രക്ഷോഭം മൂര്‍ധന്യതയിലെത്തിനില്‍ക്കേ രാജിവെച്ചൊഴിയാമെന്ന മുന്‍ നിലപാടില്‍ നിന്നും ഈജിപ്ഷ്യന്‍ പ്രസിഡന്റ് ഹോസ്‌നി മുബാറക് പിന്‍മാറുന്നതായി റിപ്പോര്‍ട്ട്. താന്‍ രാജിവെച്ചതുകൊണ്ടു മാത്രം രാജ്യത്തെ പ്രശ്‌നങ്ങള്‍ അവസാനിക്കില്ലെന്നാണ് മുബാറക് വ്യക്തമാക്കിയിരിക്കുന്നത്.

രാജ്യത്തെ ജനകീയപ്രക്ഷോഭങ്ങളെ മനസിലാക്കുന്നുണ്ടെന്നും പ്രക്ഷോഭകാരികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് സ്ഥാനമൊഴിയാന്‍ തയ്യാറാണെന്നും മുബാറക് ഒരു ടി.വിചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആവര്‍ത്തിച്ചു. എന്നാല്‍ നിലവിലെ സ്ഥിതിയില്‍ തന്റെ രാജി രാഷ്ട്രത്തെ കൂടുതല്‍ ദുരിതത്തിലേക്കായിരിക്കും നയിക്കുകയെന്ന് മുബാറക് പറഞ്ഞു.

രാജ്യത്തെ സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് ഉത്തരവാദി താനല്ലെന്നും മുഖ്യ പ്രതിപക്ഷപാര്‍ട്ടിയായ മുസ്‌ലിം ബ്രദര്‍ഹുഡ് ആണെന്നും മുബാറക് ആരോപിച്ചു.

അതിനിടെ ഈജിപ്റ്റില്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ കൊടുമ്പിരികൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പ്രസിഡന്റ് മുബാറകിനെ അനുകൂലിക്കുന്നവരും പ്രക്ഷോഭകാരികളും തമ്മില്‍ നടക്കുന്ന ഏറ്റുമുട്ടലില്‍ ഇതുവരെയായി 13പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.