കോഴിക്കോട്: മികച്ച നടിക്കുള്ള ദേശീയപുരസ്‌കാരം നേടിയ സുരഭി ലക്ഷ്മിക്ക് ജന്മനാടൊരുക്കിയ സ്വീകരണത്തില്‍ കുതിരയെ ഉപയോഗിച്ചതിന് നടപടിയെടുക്കാന്‍ ജില്ലാ കളക്ടര്‍ക്കും പൊലീസ് മേധാവിക്കും നിര്‍ദേശം.

മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയുന്നതിന് സുപ്രീം കോടതി നിര്‍ദേശിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ചൂണ്ടിക്കാട്ടിക്കൊണ്ട് ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യയാണ് നടപടിയാവശ്യപ്പെട്ടത്.


Dont Miss ദുല്‍ഖറിനെപ്പോലെ തന്നെയാണ് എനിക്ക് പ്രണവും: പ്രണവ് മോഹന്‍ലാലിനെ കുറിച്ച് മമ്മൂട്ടി


മെയ് 22 ന് ജന്മനാടായ നരിക്കുനിയില്‍ നല്‍കിയ സ്വീകരണത്തിലാണ് സൂര്യ എന്ന കുതിരയെ പൂട്ടിയ രഥത്തില്‍ സുരഭിയെ ആനയിച്ചത്. മാധ്യമങ്ങളില്‍ പ്രാധാന്യത്തോടെ വാര്‍ത്ത വന്നിട്ടും മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയേണ്ട ജില്ലാ അധികാരികള്‍ നടപടിയെടുത്തില്ലെന്ന് ചൂണ്ടിക്കാണിച്ച് റോയല്‍ സൊസൈറ്റി ഫോര്‍ പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി ടു ആനിമല്‍സ് എന്ന സംഘടനയിലെ അംഗം വിനോദ് കുമാര്‍ ദാമോദര്‍ ആണ് മൃഗക്ഷേമ ബോര്‍ഡിന് പരാതി അയച്ചത്.

സുപ്രീം കോടതി ഉത്തരവിലെ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് നടപടിയെടുത്ത് വിവരമറിയിക്കണമെന്നാണ് ബോര്‍ഡ് കളക്ടറോടും എസ്.പിയോടും ആവശ്യപ്പെട്ടിരിക്കുന്നത്.