തിരുവനന്തപുരം: സൗദി സ്വദേശിവല്‍ക്കരണത്തില്‍ മലയാളികളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

Ads By Google

വിഷയത്തില്‍ ഇന്ത്യന്‍ എംബസി ഇടപെടുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. നിതാഖത്ത് നിയമം പ്രാബല്യത്തില്‍ വന്നതിനെ തുടര്‍ന്നുള്ള സൗദിയിലെ സ്ഥിതി നിരീക്ഷിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു.

സൗദിയില്‍ നിന്ന് ആളുകള്‍ കൂട്ടത്തോടെ മടങ്ങി വരുന്ന സാഹചര്യം ഒഴിവാക്കും. മടങ്ങി വരുന്നവര്‍ക്ക് സഹായം നല്‍കാനും പുനരധിവാസം ഉറപ്പാക്കാനും വേണ്ട നടപടികള്‍ സ്വീകരിക്കും.

സൗദി അറേബ്യമായുളള സൗഹൃദം നിലനിര്‍ത്തി ഇന്ത്യക്കാരെ സംരക്ഷിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സൗദിയില്‍ സ്വദേശിവല്‍ക്കരണ നിയമം നിതാഖത് പ്രാബല്യത്തില്‍ വന്നതോടെ 5.74 ലക്ഷം മലയാളികളുടെ തൊഴിലാണ് പ്രതിസന്ധിയിലായത്. സൗദി അറേബ്യയില്‍ 7 ലക്ഷം ചെറുകിട സ്ഥാപനങ്ങളില്‍ 84 ശതമാനവും അടച്ചുപൂട്ടല്‍ ഭീഷണി നേരിടുകയാണ്.

ലൈസന്‍സുള്ള പതിനെട്ട് ലക്ഷം സ്ഥാപനമാണ് സൗദിയിലുള്ളത്. ഇതില്‍ ഏഴു ലക്ഷം ചെറുകിട സ്ഥാപനങ്ങളാണ് ഉള്ളത്.
ഇതില്‍84 ശതമാനം സ്ഥാപനങ്ങളും നിതാഖത്ത് നിയമം നടപ്പാക്കിയിട്ടില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

കമ്പനികള്‍ക്കെതിരെ ശക്തമായ നടപടികളാരംഭിച്ചിട്ടുണ്ടെന്നും ഇവര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് നല്‍കുകയോ, ഈ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഇഖാമ (താമസാനുമതി) പുതുക്കി നല്‍കുകയോ ചെയ്യില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇതോടെ മലയാളികളടക്കമുള്ളവര്‍ കൂട്ടത്തോടെ സ്വദേശത്തേക്ക് തിരിച്ചെത്തിക്കൊണ്ടിരിക്കുകയാണ്.

2011 നവംബറിലാണ് നിതാഖത്ത് നിയമം സൗദി സര്‍ക്കാര്‍ കൊണ്ടു വന്നത്. ഇത് പ്രകാരം സ്ഥാപനങ്ങളില്‍ പത്തിലൊന്ന് ജീവനക്കാര്‍ സ്വദേശിയായിരിക്കണമെന്നാണ് നിബന്ധന .
നിതാഖത്ത് നടപ്പാക്കാന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച സമയം മാര്‍ച്ച് 21 ന് അവസാനിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പുതിയ നടപടികള്‍.