എഡിറ്റര്‍
എഡിറ്റര്‍
ഹരിയാനയില്‍ വീണ്ടും മാനംകാക്കല്‍കൊല: പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പിതാവ് കഴുത്തു ഞെരിച്ചുകൊന്നു
എഡിറ്റര്‍
Saturday 9th June 2012 10:26am

സോണിപദ്/ പട്ടൗഡി : ഗ്രാമത്തിലെ യുവാവുമായുള്ള പ്രണയത്തിന്റെ പേരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ മകളെ പിതാവ് കഴുത്തില്‍ ഷാള്‍ മുറുക്കി കൊന്നു. ഹരിയാനയിലെ സോണീപദിലാണ് സംഭവം. വീട്ടുകാര്‍ തീരുമാനിച്ച വിവാഹത്തിന് സമ്മതിക്കാതെ തന്റെ പ്രണയത്തില്‍ ഉറച്ചു നിന്നതില്‍ കുപിതനായാണ് പിതാവ് മകളെ ക്രൂരമായി കൊന്നത്. ഇരുവരും തമ്മിലുള്ള പ്രണയത്തിന്റെ പേരില്‍ പെണ്‍കുട്ടിയുടെ പഠനവും വീട്ടുകാര്‍ നിര്‍ത്തിയിരുന്നു.

ഇവര്‍തമ്മില്‍ വളരെയധികം പ്രായവ്യത്യാസമുണ്ടായിരുന്നെന്നും അതുകൊണ്ടാണ് പ്രണയത്തെ എതിര്‍ത്തതെന്നും പെണ്‍കുട്ടിയുടെ മാതാവ് പറഞ്ഞു. ഇവരുടെ ഗ്രാമത്തിന് ഏതാനും കിലോമീറ്ററുകള്‍ അകലെ സമാനമായ മറ്റൊരു സംഭവവും നടന്നു.

വീട്ടുകാരുടെ താത്പര്യത്തിന് എതിരായി വിവാഹം കഴിച്ച യുവതിയെയും ഭര്‍ത്താവിനെയും സഹോദരന്‍ വെടിവെച്ചു. ഇരുവരെയും ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഏതാണ്ട് ഒന്നര വര്‍ഷം മുമ്പാണ് മോണിക്കയും വീര്‍ പ്രകാശും മോണിക്കയുടെ വീട്ടുകാരുടെ എതിര്‍പ്പ് വകവെയ്ക്കാതെ വിവാഹിതരായത്. അന്നുമുതല്‍ ഇവര്‍ വീട്ടുകാരെ ഭയന്ന് പല സ്ഥലങ്ങളിലായി താമസിക്കുകയായിരുന്നു. എന്നാല്‍ മോണിക്കയുടെ സഹോദരന്‍ കഴിഞ്ഞ ദിവസം രണ്ടു പേരെയും വെടിവെച്ചിടുകയായിരുന്നു. ഇവരെ ദല്‍ഹിയിലെ സഫ്ദുര്‍ജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകട നില തരണം ചെയ്‌തെങ്കിലും ശരീരത്തില്‍ തുളഞ്ഞുകയറിയ വെടിയുണ്ട ഇതുവരെയും പുറത്തെടുത്തിട്ടില്ല.

സംഭവത്തിനെ കുറിച്ചുള്ള പോലീസ് ഭാഷ്യം ഇങ്ങനെ:വീട്ടുകാരുടെ കണ്ണുവെട്ടിച്ച് താമസിച്ചുവരികയായിരുന്ന മോണിക്കയെയും പ്രകാശിനെയും മോണിക്കയുടെ വീട്ടുകാര്‍ തിരിച്ചു വീട്ടിലേക്കു ക്ഷണിക്കുകയായിരുന്നു. വീട്ടുകാര്‍ക്ക് തങ്ങളോടുള്ള പിണക്കം മാറിയതായി കരുതിയ മോണിക്കയും പ്രകാശും വീട്ടിലേക്ക് തിരിച്ച് വരികയും ചെയ്തു. സൗഹൃദ സംഭാഷണത്തിന് ശേഷം മോണിക്കയുടെ സഹോദരന്‍ ഇരുവരെയും കൂട്ടി സമീപമുള്ള മാവോ റോഡിലേക്ക് കൊണ്ടുവരികയും അവിടെ വെച്ച് വെടിവെക്കുകയുമായിരുന്നു.

മോണിക്കയുടെ കുടുംബത്തിലെ ഏഴുപേരെ പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ഇവര്‍ ഒളിവിലാണ്.

Advertisement