Categories

ഹോണ്ട സിറ്റിയുടെ പുതിയ പതിപ്പ് ഇന്ത്യന്‍ വിപണിയിലിറക്കി

honda

കൊച്ചി: ഇന്ത്യയിലെ പ്രീമിയം കാര്‍നിര്‍മാതാക്കളായ ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡ് കമ്പനിയുടെ ജനപ്രിയ മോഡലായ ഹോണ്ട സിറ്റിയുടെ പുതിയ പതിപ്പ് ഇന്ത്യന്‍ വിപണിയിലിറക്കി.

ലിറ്ററിന് 26 കിലോമീറ്റര്‍ മൈലേജാണ് ഡീസല്‍ വേരിയന്റ് കമ്പനി അവകാശപ്പെടുന്നത്. ഇതിന് ഊര്‍ജ്ജം പകരുന്ന 1.5 ലിറ്റര്‍ ഐ.ഡി ടെക്ക് ഡീസല്‍ എന്‍ജിന്‍ 3600 ആര്‍.പി.എമ്മില്‍ 100 പി.എസ് പവറും 1750 ആര്‍.പി.എമ്മില്‍ 200 എന്‍.എം ടോര്‍ക്കും നല്‍കാന്‍ പര്യാപ്തമാണ്.

സിക്‌സ് സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ ഗിയര്‍ സംവിധാനമാണ് ഇതിലുള്ളതെന്ന് കമ്പനി വക്താവ് അറിയിച്ചു.

എന്നാല്‍ ലിറ്ററിന് 17.8 കിലോമീറ്റര്‍ മൈലേജ് നല്‍കാന്‍ പര്യാപ്തമാണ് പെട്രോള്‍ മോഡല്‍. ഈ മോഡലിന് കരുത്ത് നല്‍കുന്നത് 1.5 ലിറ്റര്‍ ഐവിടെക്ക് എന്‍ജിനാണ്.

ഡീസല്‍ വേരിയന്റിന്റെ ഡെലിവറി ഉടന്‍ ആരംഭിക്കുമെന്നും പെട്രോള്‍ മോഡല്‍ അടുത്ത മാസം മുതല്‍ വിപണിയില്‍ ലഭ്യമാവുമെന്നും ഹോണ്ട അറിയിച്ചു.

പെട്രോള്‍ വേരിയന്റിന്റെ വിവിധ മോഡലുകള്‍ക്ക് 7.42 ലക്ഷം രൂപ മുതല്‍ 10.98 ലക്ഷം രൂപ വരെയാണ് വില. ഡീസല്‍ വേരിയന്റിന്റെ വിവിധ മോഡലുകള്‍ക്ക് 8.62 ലക്ഷം രൂപ മുതല്‍ 11.10 ലക്ഷം രൂപ വരെയാണ് ഡല്‍ഹിയിലെ എക്‌സ് ഷോറൂം വില.

ഏറ്റവും മികച്ച സാങ്കേതികതക്കൊപ്പം സ്‌പോര്‍ട്ടി ഡീസൈന്‍ കൂടി സമന്വയിപ്പിച്ചാണ് പുതിയ മോഡല്‍ എത്തിയിരിക്കുന്നത്. പുതിയ മോഡലിന്റെ ഡീസല്‍, പെട്രോള്‍ വേരിയന്റുകള്‍ മികച്ച ഇന്ധനക്ഷമതയും നല്‍കുമെന്ന് ഹോണ്ട അവകാശപ്പെടുന്നു.

Tagged with: