ന്യൂദല്‍ഹി: ലോകത്തിലെ ഏറ്റവുംവലിയ ഇരുചക്രവാഹനനിര്‍മ്മാതാക്കളായ ഹീറോഹോണ്ടയുടെ നിക്ഷേപകര്‍ തമ്മില്‍ ഇടയുന്നതായി സൂചന. ജപ്പാന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഹോണ്ടയുടെ 26 % നിക്ഷേപം ഏറ്റെടുക്കാമെന്ന ഹീറോയുടെ പുതിയ വാഗ്ദാനമാണ് പ്രശ്‌നത്തിലേക്ക് നയിച്ചിരിക്കുന്നത്.

നിലവില്‍ മാര്‍ക്കറ്റ് വിലയുടെ 40 ശതമാനം ഇളവോടെ ഹോണ്ടയുടെ നിക്ഷേപം ഏറ്റെടുക്കാന്‍ തയ്യാറാണെന്നാണ് ഹീറോ വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍ കമ്പോളവിലയുടെ അടിസ്ഥാനത്തില്‍ മാത്രമേ കച്ചവടത്തിനുള്ളൂ എന്നാണ് ഹോണ്ട അറിയിച്ചിരിക്കുന്നത്. ഹീറോഹോണ്ട കമ്പനിയില്‍ ഹീറോക്കും ഹോണ്ടയ്ക്കും 26 ശതമാനം ഓഹരിയാണുള്ളത്.

1984മുതലാണ് ഹീറോയുംഹോണ്ടയും ഒന്നിച്ച് ബൈക്ക് വില്‍പ്പന ആരംഭിച്ചത്. 2004ല്‍ കരാര്‍ പത്ത് വര്‍ഷത്തേക്ക് പുതുക്കിയിരുന്നു. ഈവര്‍ഷം ഒക്ടോബറില്‍ കമ്പനിയുടെ ബൈക്ക് വില്‍പ്പനയില്‍ 42 ശതമാനത്തിന്റെ കുതിപ്പ് രേഖപ്പെടുത്തിയിരുന്നു.