വാഷിംഗ്ടണ്‍: പ്രശസ്ത കാര്‍ നിര്‍മ്മാണ കമ്പനിയായ ഹോണ്ടമോട്ടോര്‍സ് അഞ്ചുലക്ഷത്തിലധികം വാഹനങ്ങള്‍ നിരത്തുകളില്‍ നിന്നും പിന്‍വലിക്കാനൊരുങ്ങുന്നു. അക്കോര്‍ഡ്, സിവിക് എന്നീ ജനപ്രിയ മോഡലുകളുള്‍പ്പടെയുള്ളവയാണ് പിന്‍വലിക്കുന്നത്. വാഹനങ്ങളുടെ യന്ത്രഭാഗങ്ങളുടെ രൂപകല്‍പ്പന നിരവധി അപകടങ്ങളുണ്ടാക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് നടപടി.

197,000 അക്കോര്‍ഡും 117,000 സിവിക് കാറുകളും പിന്‍വലിക്കാനാണ് ജപ്പാന്‍ കാര്‍ നിര്‍മ്മാണകമ്പനിയുടെ നീക്കം. 2005 ജനുവരിയിലും യന്ത്രത്തകരാറുകളെ തുടര്‍ന്ന് 490,000 യാത്രാക്കാറുകള്‍ കമ്പനി പിന്‍വലിച്ചിരുന്നു. സെപ്റ്റംബറോടെ കാറുകള്‍ പിന്‍വലിക്കാനാണ് കമ്പനി തീരുമാനിച്ചിട്ടുള്ളത്.