എഡിറ്റര്‍
എഡിറ്റര്‍
പുതിയ ഹോണ്ട ജാസ്
എഡിറ്റര്‍
Friday 17th January 2014 3:41pm

jaaz

പുതിയ സിറ്റിയ്ക്ക് ശേഷം ഹോണ്ടയില്‍ നിന്നു ഏവരും പ്രതീക്ഷിക്കുന്നത് പുതിയ ജാസിനെയാണ്.

അടുത്തമാസം നടക്കുന്ന ഡല്‍ഹി ഓട്ടോ എക്‌സ്‌പോയിലൂടെ ഈ മോഡല്‍ ഇന്ത്യന്‍ വിപണിയിലെത്തുമെന്ന് കേള്‍ക്കുന്നു.

അതെന്തായാലും ഡെട്രോയ്റ്റില്‍ നടക്കുന്ന നോര്‍ത്ത് അമേരിക്കന്‍ ഇന്റര്‍നാഷണല്‍ മോട്ടോര്‍ഷോയില്‍ പുതിയ ജാസ് പ്രദര്‍ശനത്തിനെത്തി. യുഎസില്‍ ഫിറ്റ് എന്ന പേരിലാണ് ഈ ഹോണ്ട ഹാച്ച്ബാക്ക് പുറത്തിറങ്ങുന്നത്.

അടിസ്ഥാന രൂപഘടനയില്‍ മുന്‍മോഡലുമായി സമാനത പങ്കുവയ്ക്കുന്ന 2015 മോഡല്‍ ജാസിന് പഴയതിലും നേരിയതോതില്‍ വലുപ്പക്കുറവുണ്ട്. നീളം 40 മിമീ കുറഞ്ഞു.

എന്നാല്‍ വീല്‍ബേസ് 30 മിമീ കൂടിയിട്ടുണ്ട്. 1.5 ലീറ്റര്‍ ഐ വിടെക് പെട്രോള്‍ എന്‍ജിന് 128 ബിഎച്ച്പിയാണ് ശേഷി. ഇന്ത്യയില്‍ 1.2 ലീറ്റര്‍ പെട്രോള്‍ , 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍ വകഭേദങ്ങള്‍ പ്രതീക്ഷിക്കാം. ആറ് ലക്ഷം രൂപയില്‍ വില ആരംഭിക്കാനാണ് സാധ്യത.

മികച്ച സ്ഥലസൗകര്യവും നിര്‍മാണത്തികവുമുള്ള ഹാച്ച് ബാക്ക് ആയിരുന്നിട്ടുകൂടി വില്‍പ്പന വിജയം നേടാനാവാതെ പോയ മോഡലായിരുന്നു ജാസ്. ജാസിന്റെ ഉയര്‍ന്ന വിലയാണ് പ്രധാന പരാജയ കാരണം.

പെട്രോള്‍ എന്‍ജിനുള്ള കാറിന് തുടക്കത്തില്‍ ഏഴു ലക്ഷം രൂപയായിരുന്നു വില. അത്രയും തുക ഒരു ഹാച്ച് ബാക്കിനു മുടക്കാന്‍ ജനം തയ്യാറായില്ല. 2011 ല്‍ ജാസിന്റെ വില 1.60 ലക്ഷം രൂപ കുറച്ചശേഷമാണ് വില്‍പ്പന അല്‍പ്പമൊന്നു മെച്ചപ്പെട്ടത്.

എങ്കില്‍ കൂടി വില്‍പ്പന കമ്പനിയുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ല.അതിനെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ജാസിനെ ഇന്ത്യന്‍ വിപണിയില്‍ നിന്ന് ഹോണ്ട പിന്‍വലിച്ചു.

Autobeatz

Advertisement