ന്യൂദല്‍ഹി: ഹോണ്ടയുടെ ആദ്യ ചെറുകാറായ ബ്രിയോ സെപ്റ്റംബറില്‍ വിപണിയിലെത്തും. ഹാച്ച് ബാക്ക് ബ്രിയോയുടെ പ്രതീക്ഷിക്കുന്ന വില 4.2 ലക്ഷം മുതല്‍ 4.5 ലക്ഷം രൂപ വരെയാണ്.

അഞ്ച് വര്‍ഷത്തെ ഗവേഷണത്തിന് ശേഷമാണ് ഇന്ത്യന്‍ വിപണിക്ക് അനുയോജ്യമായ കാര്‍ കമ്പനി വികസിപ്പിച്ചെടുത്തത്. നേരത്തെ ജാസ് എന്ന ചെറു കാര്‍ ഹോണ്ട ഇന്ത്യയിലവതരിപ്പിച്ചിരുന്നു. എന്നാലിതിന് ഇന്ത്യന്‍ വിപണിയില്‍ വേണ്ടത്ര ചലനം ഉണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല.

തുടര്‍ന്ന ആഗസ്റ്റ് മദ്ധ്യത്തോടെ പരിഷ്‌കരിച്ച ഹോണ്ട ജാസ് പുറത്തിറക്കിയിരുന്നു. 5.50 ലക്ഷം രൂപ മുതല്‍ 6.06 ലക്ഷം രൂപ വരെയാണ് പരിഷ്‌കരിച്ച ജാസിന്റെ വില. പുതിയ മോഡലായ ബ്രിയോ വലിപ്പത്തില്‍ ജാസിനേക്കാള്‍ ചെറുതാണ് .

അഞ്ച് പേര്‍ക്ക് യാത്ര ചെയ്യാവുന്ന സൗകര്യം കാറിനുണ്ട്. എങ്കിലും ചെറുകാര്‍ വിഭാഗത്തിലാണ് ബ്രിയോ എത്തുന്നത്. തുടക്കത്തില്‍ പെട്രോള്‍ മോഡല്‍ അവതരിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം. പിന്നീട് ഡീസല്‍ മോഡലും പുറത്തിറക്കും.

മാര്‍ക്കറ്റില്‍ മാരുതി സുസുക്കി സ്വിഫ്റ്റ്, ഫോര്‍ഡ് ഫിഗോ, ഹ്യുണ്ടായി ഐ ടന്‍, ടെയോട്ട ലിവ എന്നിവയോടായിരിക്കും ബ്രിയോക്ക് മത്സരിക്കേണ്ടി വരിക. മെട്രോ നഗരങ്ങളോടൊപ്പം ചെറു നഗരങ്ങളിലും വില്‍പ്പന ശക്തമാക്കാനാണ് കമ്പനിയുടെ തീരുമാനം.

നിലവില്‍ 72 നഗരങ്ങളിലായി 100 ഓളം ഔട്ട്‌ലെറ്റുകളാണ് കമ്പനിക്കുള്ളത്. ഈ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ 90 നഗരങ്ങളിലായി 143 ഡീലര്‍ഷിപ്പ് ഷോറൂമുകള്‍ തുറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.