കണ്ണൂര്‍: ടെലിവിഷന്‍ ചരിത്രത്തിലെ ആദ്യ സ്വവര്‍ഗാനുരാഗികളുടെ റിയാലിറ്റി ഷോചാന്തുപൊട്ടി’ന് കണ്ണൂരില്‍ തുടക്കമായി. കോഴിക്കോട്, കണ്ണൂര്‍, തൃശ്ശൂര്‍, വയനാട്, മലപ്പുറം, കാസര്‍കോട് എന്നീ ജില്ലകളിലുള്ള 40 പേരാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. കണ്ണൂരിലാണ് ഓഡിഷന്‍ ടെസ്റ്റ് നടന്നത്.

സിനിമാറ്റിക്ക് ഡാന്‍സ്, ശാസ്ത്രീയ നൃത്തം എന്നീ വിഭാഗങ്ങളിലൊക്കെ മത്സരമുണ്ട്. 50 എപ്പിസോഡുകളിലേറെയാണ് പരിപാടിയുടെ ദൈര്‍ഘ്യം പ്രതീക്ഷിക്കുന്നത്. പങ്കെടുക്കുന്നവര്‍ക്ക് പത്ത് ലക്ഷത്തിലേറെ രൂപയുടെ സമ്മാനങ്ങള്‍ നല്കും.

ബ്ലോസോണ്‍ ഗ്ലോബല്‍ അഡ്വര്‍ട്ടൈസ്‌മെന്റാണ് പ്രോഗ്രാമിന്റെ നിര്‍മ്മാതാക്കള്‍. തെരുവുഗായകരുടെ റിയാലിറ്റി ഷോ സംഘടപ്പിച്ച വടകര സ്വദേശി മൊയ്തു താഴത്താണ് ‘ചാന്തുപൊട്ടി’ന്റെയും പ്രൊഡ്യൂസര്‍. പരിഹാസവും നിന്ദയുംകൊണ്ട് ഒറ്റപ്പെട്ടുപോയ ഒരു വിഭാഗത്തെ സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് കൊണ്ടുവരികയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് മൊയ്തു താഴത്ത് പറഞ്ഞു.

പ്രശസ്ത നാടക രചയിതാവ് ഇബ്രാഹിം വേങ്ങര, കവി കെ.സി.ഉമേഷ്ബാബു, ഗായകന്‍ താജുദ്ദീന്‍ വടകര, നര്‍ത്തകി ഡോ. അനില എന്നിവരാണ് വിധികര്‍ത്താക്കള്‍. കണ്ണൂരില്‍ പ്രത്യേകം തയ്യാറാക്കിയ സ്റ്റുഡിയോയിലാണ് ‘ചാന്തുപൊട്ട്’ചിത്രീകരിക്കുന്നത്.