ന്യയോര്‍ക്ക്: അല്‍ഖയിദയുടേയും താലിബാന്റെയും പോരാളികള്‍ മാത്രമല്ല, അമേരിക്കന്‍ മണ്ണിലും ദേശവിരുദ്ധശക്തികള്‍ തഴച്ചുവളരുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചന നല്‍കുന്നു. ഇവരില്‍ പലരും അമേരിക്കയില്‍ താമസിക്കുന്ന മുസ്‌ലിം വംശജരാണെങ്കിലും ഇസ്‌ലാം മതനിയമങ്ങളെയോ, പ്രമാണങ്ങളെയോ മാനിക്കാത്ത ജീവിതമാണ് നയിക്കുന്നത്.

തഹാവൂര്‍ റാണയെയും ഡേവിഡ് ഹെഡ്‌ലിയെയും പിടികൂടിയതോടെയാണ് സ്വന്തം മണ്ണില്‍ വളരുന്ന ഭീകരതയെക്കുറിച്ച് അമേരിക്ക മനസിലാക്കാന്‍ തുടങ്ങുന്നത്. 2009ല്‍ 43 ആളുകളെയുംം കഴിഞ്ഞവര്‍ഷം 33 പേരെയും അമേരിക്കന്‍ മണ്ണില്‍ ജിഹാദിപ്രവര്‍ത്തനം നടത്തിയതിന് അറസ്റ്റുചെയ്തിരുന്നു. അമേരിക്കന്‍ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇല്യാസ് കശ്മീരിയെ സഹായിച്ചതിന് പാക്കിസ്ഥാന്‍ വംശജനായ രാജ ലഹ്രാസിബ് ഖാനെ എഫ്.ബി.ഐ അറസ്റ്റുചെയ്തിരുന്നു.

പാക്കിസ്ഥാനില്‍ നിന്നും സൊമാലിയയില്‍ നിന്നുമെത്തി അമേരിക്കയില്‍ താമസിക്കുന്ന ഇസ്‌ലാം വംശജരാണ് ജിഹാദിപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. എന്നാല്‍ ഇസ്‌ലാം അനുശാസിക്കുന്ന നിയമങ്ങളോ ആചാരങ്ങളോ ഒന്നുംതന്നെ പാലിക്കുന്നവരല്ല ഇത്തരക്കാര്‍ എന്നതാണ് യാഥാര്‍ത്ഥ്യം. പലപ്പോഴും പബ്ബില്‍പോയി ചുറ്റിത്തിരിഞ്ഞ് മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നവരാണ് ഇത്തരം ‘ ജിഹാദികള്‍’ .

എന്നാല്‍ അമേരിക്കയില്‍ ജിഹാദികള്‍ വിശുദ്ധയുദ്ധം നടത്തുന്നതിനെക്കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ പലതും ഊതിവീര്‍പ്പിച്ചതാണ് എന്നും റിപ്പോര്‍ട്ടുകളുണ്ട്.