എഡിറ്റര്‍
എഡിറ്റര്‍
കുറ്റവാളികളുടെ സമ്പൂര്‍ണ വിവരങ്ങളുമായി ഓണ്‍ലൈന്‍ ക്രിമിനല്‍ ഗ്യാലറി
എഡിറ്റര്‍
Saturday 30th June 2012 8:00am

തിരുവനന്തപുരം: കുറ്റവാളികളുടെ വിശദവിവരങ്ങളടങ്ങിയ ഓണ്‍ലൈന്‍ ഗ്യാലറി ആഭ്യന്തരവകുപ്പ് തയ്യാറാക്കുന്നു. ക്രിമിനലുകളുടെ പൂര്‍വ്വകാല വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ ഗ്യാലറിയില്‍ ഉള്‍പ്പെടുത്തും. സംസ്ഥാനത്ത് കുറ്റകൃത്യങ്ങള്‍ പെരുകുന്ന സാഹചര്യം കണക്കിലെടുത്താണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം.

സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ നടത്തുന്നവരുടെ വിവരങ്ങളാണ് ഗ്യാലറിയില്‍ പ്രധാനമായും ഉള്‍പ്പെടുത്തുക. ഇത്തരം കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ അതാത് പോലീസ് സ്‌റ്റേഷനുളില്‍ നിന്ന് കേസുമായി ബന്ധപ്പെട്ട വിവരങ്ങളും ഫോട്ടോയും കൃത്യമായി രേഖപ്പെടുത്തണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സംസ്ഥാന ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയാണ് ഗ്യാലറി നിയന്ത്രിക്കുക. പുതിയ വിവരങ്ങള്‍ ലഭിക്കുന്ന മുറക്ക് ഗ്യാലറി അപ്‌ഡേറ്റ് ചെയ്യുന്നതിനും സൗകര്യമൊരുക്കും.

കഴിഞ്ഞ 20 വര്‍ഷക്കാലത്തെ കേസുകളാണ് ഇപ്പോള്‍ ഗ്യാലറിയില്‍ ഉള്‍പ്പെടുത്തുന്നത്. സംസ്ഥാനത്തെ പോലീസ് സ്‌റ്റേഷനുകളില്‍ നിന്നും കുറ്റവാളികളുടെ വിവരങ്ങള്‍ ശേഖരിച്ച് ജില്ലാ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയിലെത്തിക്കും. അവിടെ നിന്നും വിവരങ്ങള്‍ സംസ്ഥാന ക്രൈം റെക്കോര്‍ഡ് ബ്യൂറോയ്ക്ക് കൈമാറും.

എസ്.ഐ റാങ്ക് മുതലുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് ഗ്യാലറി ലോഗ് ഓണ്‍ ചെയ്യുന്നതിനും വിവരങ്ങള്‍ ശേഖരിക്കുന്നതിനുമുള്ള അനുവാദം ഉണ്ടാകുക. മറ്റ് പോലീസുകാര്‍ക്കോ, പൊതുജനങ്ങള്‍ക്കോ ഗ്യാലറി സന്ദര്‍ശിക്കാന്‍ കഴിയില്ല. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മാത്രം ഗ്യാലറിയില്‍ പ്രവേശിക്കുന്നതിനുള്ള പാസ്‌വേര്‍ഡ് നല്‍കും.

ജില്ലയിലെ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ എല്ലാ മാസവും വിവരങ്ങള്‍ പരിശോധിച്ച് രേഖപ്പെടുത്തും. ഒരു കേസില്‍ പിടിയിലായ കുറ്റവാളിയുടെ പേരില്‍ മുമ്പ് കേസുകള്‍ ഉണ്ടായിരുന്നോ എന്ന് ഗ്യാലറിയില്‍ നിന്നും മനസിലാക്കാനാവും. ഒരാള്‍ രണ്ടുതവണ പ്രതിയാക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അതും ഗ്യാലറിയില്‍ രേഖപ്പെടുത്തും. കുറ്റവാളിയുടെ കുറ്റസമ്മതവും അയാളുടെ വിരലടയാളവും ഫോട്ടോയും മറ്റുവിശദാംശങ്ങളുമടക്കമാണ് ഗ്യാലറിയില്‍ ഉള്‍പ്പെടുത്തുക.

പോലീസ് ആസ്ഥാനത്ത് നിന്ന് ലഭിച്ചിട്ടുള്ള ഉത്തരവ് പ്രകാരം പണമിടപാടില്‍ പിടിക്കപ്പെടുന്നവര്‍ മണിചെയിന്‍ റാക്കറ്റുകള്‍, റിയല്‍ എസ്റ്റേറ്റ് തട്ടിപ്പുകാര്‍, സ്വര്‍ണ തട്ടിപ്പുകാര്‍, ബേങ്ക്, എ.ടി.എം തട്ടിപ്പ് നടത്തുന്നവര്‍, മൊബൈല്‍ വഴിയും ഇ-മെയില്‍ വഴിയും സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്ത് നടത്തുന്നവര്‍, കള്ളനോട്ടടിക്കാര്‍, ഹവാല ഇടപാടുകളില്‍ ഉള്‍പ്പെടുന്നവര്‍, നികുതി അടക്കാതെ ഇടപാടുകള്‍ നടത്തുന്നവര്‍, ജോലി, പാസ്‌പോര്‍ട്ട്, വാടകക്ക് വാഹനങ്ങള്‍ നല്‍കല്‍ എന്നിവയുടെ റാക്കറ്റുകള്‍, വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിക്കുന്നവര്‍, കള്ളക്കടത്ത് നടത്തുന്നവര്‍, വിദ്യാഭ്യാസ മേഖലയില്‍ മാര്‍ക്ക്, പ്രവേശനം എന്നീ കാര്യങ്ങലില്‍ തട്ടിപ്പ് നടത്തുന്നവര്‍, വിസത്തട്ടിപ്പ്, വീഡിയോ പൈറസി, പണം ഇരട്ടിപ്പിക്കുന്നവര്‍, കല്ല്യാണത്തട്ടിപ്പ് വീരന്‍മാര്‍ എന്നിവരെയാണ് ഗ്യാലറിയില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദേശിച്ചിരിക്കുന്നത്.

Advertisement