ന്യൂദല്‍ഹി: ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിനും അദ്ദേഹത്തിന്റെ കുടുംബത്തിനും സുരക്ഷ നല്‍കണമെന്ന് ഗുജറാത്ത് സര്‍ക്കാറിന് ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം. ഭട്ട് വധഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹത്തിന്റെ ഭാര്യ ശ്വേത ഭട്ട് നല്‍കിയ കത്തിലാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ നടപടി. ഇതിനു പുറമേ ഭട്ടിനും കുടുംബത്തിനുമെതിരെ എത്രത്തോളം ഭീഷണി നിലനില്‍ക്കുന്നു എന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍ ഹോം സെക്രട്ടറി ആര്‍.കെ സിംങ്ങിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതനുസരിച്ച് അന്വേഷണ സംഘത്തിന് സിംങ് നിര്‍ദേശം നല്‍കിക്കഴിഞ്ഞുവെന്നാണ് ആഭ്യന്തരമന്ത്രാലയത്തില്‍ നിന്നുലഭിക്കുന്ന വിവരം.

അഹമ്മദാബാദ് പോലീസ് കമ്മീഷമര്‍ സുധീര്‍ സിന്‍ഹയുടെ കീഴിലുള്ള പോലീസ് സംഘത്തിന്റെ കസ്റ്റഡിയിലുള്ള തന്റെ ഭര്‍ത്താവിന്റെ സുരക്ഷയില്‍ ഭീതിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഭട്ടിന്റെ ഭാര്യ ആഭ്യന്തരമന്ത്രി പി. ചിദംബരത്തിന് കത്ത് നല്‍കിയത്. ഭീഷണി സംബന്ധിച്ച് അന്വേഷണം നടത്തിയശേഷം ആവശ്യമെങ്കില്‍ സി.ഐ.എസ്.എഫിന്റെ സംരക്ഷണം ഉള്‍പ്പെടെ ഉറപ്പുവരുത്തുമെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

ഭട്ടിനെതിരെയുള്ള ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് തെളിഞ്ഞാല്‍ അദ്ദേഹത്തെ കേന്ദ്രത്തിലേക്ക് വിളിച്ച് ഏതെങ്കിലും ഡിപ്പാര്‍ട്ട്‌മെന്റില്‍ പോസ്റ്റ് ചെയ്യാനും ആഭ്യന്തരമന്ത്രാലയത്തിന് പദ്ധതിയുണ്ടെന്നാണറിയുന്നത്.