ന്യൂദല്‍ഹി: ദല്‍ഹി ഹൈക്കോടതിക്ക് സമീപം ഇന്ന് രാവിലെയുണ്ടായ സ്‌ഫോടനം ഭീകരാക്രമണമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സ്ഥിരീകരിച്ചു. സ്‌ഫോടനം സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി പി.ചിദംബരം 12.30ന് പാര്‍ലമെന്റില്‍ പ്രസ്താവന നടത്തും.

സ്‌ഫോടനം ഭീകരാക്രമണമാണെന്ന് സ്ഥിരീകരിച്ചെങ്കിലും ഇതിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ലെന്നാണ് കേന്ദ്രആഭ്യന്തരമന്ത്രാലയം പറയുന്നത്. ഉഗ്രസ്‌ഫോടനശേഷിയുള്ള പൊട്ടാഷ്യം നൈട്രേറ്റാണ് സ്‌ഫോടനത്തിനായി ഉപയോഗിച്ചത്. ഒരു ബ്രീഫ് കേസില്‍ ഒളിപ്പിച്ച് വച്ചിരുന്ന സ്‌ഫോടനവസ്തുവാണ് പൊട്ടിത്തെറിച്ചതെന്ന് ദല്‍ഹി സ്‌പെഷല്‍ പോലീസ് കമ്മീഷണര്‍ ധര്‍മേന്ദ്ര കുമാര്‍ പറഞ്ഞു.

എന്‍.ഐ.എയും എന്‍.എസ്.ജിയും സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. സ്‌ഫോടനത്തിന്റെ വെളിച്ചത്തില്‍ ദല്‍ഹിയില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്റ് തുടങ്ങിയ തിരക്കേറി പ്രദേശങ്ങള്‍ പോലീസ് പരിശോധന ശക്തമാക്കി.

ഇന്ന് രാവിലെ 10.17നാണ് ദല്‍ഹി ഹൈക്കോടതിയുടെ അഞ്ചാം നമ്പര്‍ ഗേറ്റിനു സമീപം സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ 12 പേര്‍ മരിച്ചതായും 65 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ഇതില്‍ രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 8 പേരുടെ നില ഗുരുതരമാണ്.