ശ്രീനഗര്‍: പ്രധാനമന്ത്രിയുടെ നോട്ട് നിരോധന പ്രഖ്യാപനത്തിന് ശേഷം ജമ്മുകാശ്മീരില്‍ തീവ്രവാദ ആക്രമണം വര്‍ധിച്ചുവെന്ന് സമ്മതിച്ച് ആഭ്യന്തരമന്ത്രാലയം.

2016 നവംബര്‍ 1 മുതല്‍ 2017 ഒക്ടോബര്‍ 31 വരെ തീവ്രവാദ സ്വഭാവമുള്ള 341 ആക്രമണങ്ങള്‍ ഉണ്ടായെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇതേസമയം കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്തത് 311 കേസുകളായിരുന്നു.

തീവ്രവാദികള്‍ക്ക് വലിയ തിരിച്ചടിയാകുമെന്നും തീവ്രാദ പ്രവര്‍ത്തനങ്ങള്‍ കുറയുമെന്നുമായിരുന്നു നോട്ട് നിരോധനത്തെ ന്യായീകരിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞ പ്രധാനവാദങ്ങളില്‍ ഒന്ന്. പിന്നീട് നോട്ട് നിരോധനത്തിന്റെ കാരണം കേന്ദ്രമന്ത്രാലയം പല തവണ മാറ്റിയിരുന്നു.

ജമ്മുകാശ്മീര്‍ അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തില്‍ വലിയ തോതിലുള്ള വര്‍ധവ് വന്നതായും ആഭ്യന്ത്രമന്ത്രാലയം തന്നെ പുറത്തുവിട്ട കണക്കില്‍ വ്യക്തമാക്കുന്നു.

2014ല്‍ 153 വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമായിരുന്നു ഉണ്ടായത്. എന്നാല്‍ 2017 ആകുമ്പോഴേക്കും ഇത് 771 ആയി വര്‍ധിച്ചു. 2016 നെ അപേക്ഷിച്ച് 300 ശതമാനം വര്‍ധയാണ് ഇത്.