തിരുവനന്തപുരം: ആഭ്യന്തര വകുപ്പിന്റെ ഭരണകാര്യങ്ങളില്‍ മുഖ്യമന്ത്രിക്ക് ഉപദേഷ്ടാവിനെ നിയമിക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നു. പ്രവര്‍ത്തന വീഴ്ചകളുടെ പേരില്‍ ആഭ്യന്തര വകുപ്പ് നിരന്തരം വിമര്‍ശനത്തിനിരയാകുന്ന സാഹചര്യത്തിലാണ് ഉപദേഷ്ടാവിനെ നിയമിക്കുന്ന കാര്യം പരിഗണിക്കുന്നതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.


Also read കൊച്ചി മേയര്‍ സൗമിനി ജെയിനെ ഭീഷണിപ്പെടുത്തി; സംവിധായകന്‍ ജൂഡ് ആന്റണിക്കെതിരെ കേസ്


സര്‍ക്കാര്‍ അധികാരമേറ്റയുടന്‍ ആഭ്യന്തര ഉപദേഷ്ടാവിന്റെ കാര്യം ആലോചിച്ചിരുന്നതാണെങ്കിലും വേണ്ടെന്നു വയ്ക്കുകയായിരുന്നു. കൃത്യനിര്‍വഹണത്തില്‍ വീഴ്ചവരുത്തുന്നതിന്റെ പേരില്‍ പൊലീസ് നിരന്തര വിമര്‍ശനത്തിനിരയാകുന്ന സാഹചര്യത്തിലാണ് ഇക്കാര്യം വീണ്ടും ചര്‍ച്ചചെയ്യുന്നത്.

വിജിലന്‍സ് ഡയറകടര്‍ സ്ഥാനത്ത് നിന്ന് ജേക്കബ് തോമസിനെ മാറ്റിയതിനെത്തുടര്‍ന്ന് പൊലീസ് തലപ്പത്ത് അഴിച്ച് പണി ആവശ്യമായ സാഹചര്യത്തിലാണ് ഉപദേഷ്ടാവിന്റെ നിയമനവും പരിഗണിക്കുന്നത്. ഉപദേഷ്ടാവായി മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്‍ വേണോ അതോ മുന്‍ ഡി.ജി.പി വേണമോ എന്ന കാര്യത്തില്‍ തീരുമാനമായില്ലെന്ന് മുഖ്യമന്ത്രിയുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ഭരണസഹായത്തിനായി ഉപദേഷ്ടാവിനെ നിയോഗിച്ചിരുന്നു. കഴിഞ്ഞ സി.പി.ഐ.എം സംസ്ഥാനസമിതിയിലും ആഭ്യന്തര വകുപ്പിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.