ന്യൂദല്‍ഹി: സയ്യിദ് ലിയാഖത് ഷായുടെ അറസ്റ്റ് ദേശീയ അന്വേഷണ ഏജന്‍സി അന്വേഷണം നടത്തും. കുടുംബ സമേതം കീഴടങ്ങാനെത്തിയ ലിയാഖത്തിനെ അറസ്റ്റ് ചെയ്‌തെന്ന ദല്‍ഹി പോലീസിന്റെ വാദം വിവാദമായതിനെ തുടര്‍ന്നാണ് ദേശീയ ഏജന്‍സി സംഭവം അന്വേഷിക്കുന്നത്.

Ads By Google

ഹിസ്ബുള്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകനായിരുന്ന ലിയാഖത്ത് അലി അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷയ്ക്കുള്ള പ്രതികാരം ചെയ്യുന്നതിനായി ദല്‍ഹിയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നുവെന്നും നേപ്പാള്‍ വഴി ഇന്ത്യയിലേക്ക് കടക്കാനായിരുന്നു ഇയാളുടെ ശ്രമമെന്നുമായിരുന്നു ദല്‍ഹി പോലീസിന്റെ വാദം.

എന്നാല്‍ തീവ്രവാദ പ്രവര്‍ത്തനം ഉപേക്ഷിച്ച് മടങ്ങിയെത്തുന്നവര്‍ക്ക് സൈ്വര്യ ജീവിതം നയിക്കാന്‍ ഇന്ത്യയില്‍ വ്യവസ്ഥയുണ്ടെന്നിരിക്കേ ഇതുപ്രാകരം പാകിസ്ഥാനില്‍ നിന്ന് നേപ്പാള്‍ വഴി കുടുംബത്തോടൊപ്പം സനോളി ചെക്‌പോസ്റ്റിലെത്തിയ ലിയാഖത് ഇവിടെയെത്തി പോലീസിനെ വിവരമറിയിച്ചിരുന്നു.

തുടര്‍ന്ന് ജമ്മു കാശ്മീരിലേക്ക് പോകും വഴിയാണ് ഇയാളെ പിടികൂടിയതെന്നാണ് കുടുംബാംഗങ്ങളും ജമ്മു കാശ്മീര്‍ പോലീസും പറയുന്നത്. ലിയാഖത്തിന്റെ അറസ്റ്റ് വിവാദമായതിനെ തുടര്‍ന്നാണ് എന്‍.ഐ.എ അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണം സംബന്ധിച്ച ഔദ്യോഗിക തീരുമാനം നാളെ ഉണ്ടായേക്കും.