ന്യൂദല്‍ഹി: ഭവന വായ്പ അനുവദിച്ചതില്‍ ക്രമക്കേട് നടത്തിയ കേസില്‍ ബാങ്ക് മേധാവികള്‍ അറസ്റ്റില്‍. എല്‍.ഐ.സി ഹൗസിങ് സി.ഇ.ഐ പഞ്ചാപ് നാഷണല്‍ ബാങ്ക് ഡി.ജി.എം, നാഷണല്‍ ബാങ്ക് മേധാവി എന്നിവര്‍ അറസ്റ്റ് ചെയ്യപ്പെട്ടവിരില്‍പ്പെടും. എല്‍.ഐ.സി ഹൗസിങ് ഫിനാന്‍സിന്റെ ഓഫീസുകളില്‍ സി.ബി.ഐ റെയ്ഡ് നടത്തുകയാണ്. മുംബൈ, ദില്ലി, കൊല്‍ക്കൊത്ത, ചെന്നൈ ഓഫീസുകളിലാണ് റെയ്ഡ്.

നിര്‍മ്മാതാക്കള്‍ക്ക് ക്രമവിരുദ്ധമായി വായ്പ അനുവദിച്ചുവെന്നാണ് ഇവര്‍ക്കെതിരെയുള്ള ആരോപണം. എട്ട് ബാങ്ക് ഉദ്യോഗസ്ഥരും അറസ്റ്റിലായിട്ടുണ്ട്. കോടികളുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് സി.ബി.ഐ നല്‍കുന്ന സൂചന.

ഭവനവായ്പാ കുഭകോണ കേസില്‍ അഞ്ച് കേസുകള്‍ സി.ബി.ഐ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കോടികളുടെ ബാങ്ക് വായ്പ റിയല്‍ എസ്‌റ്റേറ്റ് വ്യാപാരികള്‍ക്ക് ലഭ്യമാക്കിയതുമായി ബന്ധപ്പെട്ടതാണ് ഭവന വായ്പാ കുംഭകോണം. വായ്പ ലഭ്യമാക്കിയതിന് പ്രതിഫലമായി ബാങ്ക് മേധാവികള്‍ക്ക് വന്‍തുക നല്‍കിയെന്നാണ് ആരോപണം.

എല്‍.ഐ.സി ഇന്‍വെസ്റ്റ്‌മെന്റ് സെക്രട്ടറി നിരേഷ് കെ ചോപ്ര, ബാങ്ക് ഓഫ് ഇന്ത്യ ജനറല്‍ മാനേജര്‍ ആര്‍.എന്‍.തയാല്‍, ഡയറക്ടര്‍ മഹേന്ദര്‍ സിങ്, പഞ്ചാബ് നാഷണല്‍ ബാങ്ക് ജി.ഡി.എം വെങ്കോബ ഗുജ്ജാല്‍ എന്നിവരും സ്വകാര്യ ധനകാര്യ സ്ഥാപനമായ മണി മാറ്റേഴ്‌സിന്റെ തലവന്മാരും അറസ്റ്റിലായവരില്‍ പെടുന്നു. മണി മാറ്റേഴ്‌സ് എന്ന സ്ഥാപനമാണ് റിയല്‍ എസ്‌റ്റേറ്റ് സ്ഥാപനങ്ങള്‍ക്ക് ഭവനവായ്പകള്‍ ലഭ്യമാക്കാന്‍ ഇടനിലക്കാരായി പ്രവര്‍ത്തിച്ചത്.

ലോണ്‍ കുംഭകോണം; നിഫ്റ്റി താഴോട്ട്