ലണ്ടന്‍: ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ പ്രൈസ് ഫോര്‍ ഫിക്ഷന്‍ അവാര്‍ഡിന് പ്രശസ്ത ഇംഗ്ലിഷ് എഴുത്തുകാരന്‍ ജൂലിയന്‍ ബാണ്‍സ് (65) അര്‍ഹനായി. ദ് സെന്‍സ് ഓഫ് ആന്‍ എന്‍ഡിങ് എന്ന പുസ്തകത്തിനാണു പുരസ്‌കാരം. 80,000 ഡോളര്‍ ആണു സമ്മാനം.

റാന്‍ഡം ഹൗസ് പ്രസിദ്ധീകരിച്ച ദ് സെന്‍സ് ഓഫ് ആന്‍ എന്‍ഡിങ് എന്ന പുസ്തകത്തിന് 150 പേജുകളാണ് ഉളളത്. ഒരു തവണയല്ല ഒട്ടേറെ തവണ വായിക്കാന്‍ കഴിയുന്ന പുസ്തകമാണിതെന്ന് അവാര്‍ഡ് കമ്മിറ്റിയെലെ ഇയോണ്‍ ട്രെവിന്‍ ചൂണ്ടിക്കാട്ടി.

Subscribe Us:

അറുപത് വയസുകഴിഞ്ഞ ഒരു മനുഷ്യന്റെ ഭൂതകാലം വിവരിക്കുന്ന ഒരു കത്ത് അപ്രതീക്ഷിതമായി ലഭിക്കുന്നതും അതേതുടര്‍ന്ന് മൂടിവയ്ക്കപ്പെട്ട സത്യങ്ങളെ നേരിടേണ്ടിവരുന്നയാളുടെ മനോവ്യഥയുമാണ് ദി സെന്‍സ് ഓഫ് ആന്‍ എന്‍ഡിങ്ങിലൂടെ പറയുന്നത്.

നാലാം തവണയാണ് ബാണ്‍സ് ബുക്കര്‍ പുരസ്‌കാരത്തിനുളള അവസാനപട്ടികയില്‍ എത്തുന്നത്. അദ്ദേഹത്തിന്റെ ഫ്‌ളോബര്‍ട്ട്‌സ് പാരറ്റ് (1984), ഇംഗ്ലണ്ട് ഇംഗ്ലണ്ട് (1998), ആര്‍തര്‍ ആന്‍ഡ് ജോര്‍ജ് (2005) എന്നീ കൃതികളും ബുക്കര്‍ പുരസ്‌കാരത്തിനായി ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നു.