ന്യൂസ് ഡസ്‌ക്

കദേശം അറുപതുവര്‍ഷങ്ങള്‍ക്കു മുന്‍പ് ന്യൂദല്‍ഹിയിലെ തെരുവുകളില്‍ പാര്‍സി സ്‌റ്റൈലില്‍ സാരിയും ചുറ്റി ഭാരമുള്ള ക്യാമറ കഴുത്തില്‍ തൂക്കിയിട്ട് ഒരു പെണ്ണ് നടന്നിരുന്നു. ആ അലഞ്ഞുതിരിയലിനിടയില്‍ അവര്‍ പകര്‍ത്തിയത് ഇന്ത്യയുടെ ചരിത്രം തന്നെയായിരുന്നു. ആ ചിത്രങ്ങള്‍ പിന്നീട് സംസാരിച്ചു. ഹൊമായി വ്യാരാവാല എന്ന പെണ്‍കുട്ടിയായിരുന്നു അവള്‍. ഇന്ത്യയിലെ ആദ്യത്തെ വനിതാ ഫോട്ടോഗ്രാഫര്‍. ഹൊമായി വ്യാരാവാല (98) യുടെ മരണത്തോടെ അടഞ്ഞത് ഇന്ത്യന്‍ ചരിത്രത്തിന് നേരെ തുറന്നു പിടിച്ച ക്യാമറക്കണ്ണുകളാണ്. വഡോദരയിലെ സ്വകാര്യ ആശുപത്രിയില്‍ ഞായറാഴ്ചയായിരുന്നു അന്ത്യം.

ഗുജറാത്തിലെ നവസാരിയില്‍ 1913 ഡിസംബര്‍ ഒമ്പതിന് ഒരു പാഴ്‌സി കുടുംബത്തിലാണു ജനിച്ചത്. ജെ.ജെ. സ്‌കൂള്‍ ഓഫ് ആര്‍ട്‌സിലെ പഠനത്തിനുശേഷം ബ്രിട്ടിഷ് ഇന്‍ഫര്‍മേഷന്‍ സര്‍വീസസില്‍ ചേര്‍ന്ന അവര്‍ 1942 ല്‍ ദല്‍ഹിയിലെത്തി. സ്വാതന്ത്ര്യ പ്രക്ഷോഭത്തിന്റെ ത്യാഗോജ്വല നിമിഷങ്ങള്‍ അവരുടെ കാമറക്കണ്ണിലൂടെയാണ് ലോകം പിന്നീടു കണ്ടത്.

ബോംബെ ക്രോണിക്കിള്‍ പത്രത്തിലാണ് അവരുടെ ചിത്രങ്ങള്‍ തുടക്കത്തില്‍ അച്ചടിച്ചുവന്നത്. പ്രസിദ്ധീകരിക്കുന്ന ഓരോ ചിത്രത്തിനും ഒരു രൂപയായിരുന്നു പ്രതിഫലം.
ഇന്ത്യാ വിഭജന ഉടമ്പടിയില്‍ നേതാക്കള്‍ ഒപ്പുവയ്ക്കുന്നതിന്റെയും ദല്‍ഹിയിലെ ചെങ്കോട്ടയില്‍ 1947 ഓഗസ്റ്റ് 15 നു ത്രിവര്‍ണ പതാക ഉയരുന്നതിന്റെയും മൗണ്ട് ബാറ്റന്‍ പ്രഭു ഇന്ത്യ വിടുന്നതിന്റെയും ഗാന്ധിജി, നെഹ്‌റു, ലാല്‍ ബഹാദുര്‍ ശാസ്ത്രി തുടങ്ങിയവരുടെ മരണാനന്തര ചടങ്ങുകളുടെയും ദൃശ്യങ്ങളും വ്യാരാവാലയുടെ എന്നും ഓര്‍മിക്കപ്പെടുന്ന ചിത്രങ്ങളില്‍ ചിലതാണ്. ‘ഡാല്‍ഡ 13’ എന്ന പേരിലാണ് അവരുടെ ചിത്രങ്ങള്‍ അച്ചടിച്ചുവന്നിരുന്നത്.

250ഓളം അപൂര്‍വ്വ രംഗങ്ങള്‍ വൈരവല്ലയുടെ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഓരോന്നിനും പറയാനുണ്ടാവും ഓരോ കഥകള്‍, ചരിത്ര മുഹൂര്‍ത്തങ്ങള്‍, അപൂര്‍വ്വ സംഭവങ്ങള്‍, ആര്‍ക്കും അറിയാത്ത ചില കാര്യങ്ങള്‍. പലരുടേയും പലതരത്തിലുള്ള ചിത്രങ്ങളുണ്ട് ഈ കൂട്ടത്തില്‍. പക്ഷേ അക്കാലത്തെ പുരുഷന്‍മാര്‍ അസൂയയോടെ നോക്കിയിരുന്ന, സ്ത്രീകള്‍ ആരാധനയോടെ സ്‌നേഹിച്ച നെഹ്‌റുവിനോട് വൈരവല്ലയുടെ ക്യാമറയ്ക്ക് പ്രത്യേകമായൊരു മമതയുായിരുന്നു. ഇന്ത്യയുടെ പ്രധാനമന്ത്രി, ശരീരം കൊണ്ടും മനസുകൊണ്ടും ഉയരമുള്ളതും, എല്ലാറ്റിനും പുറമേ ഫോട്ടോജനിക്കുമായിരുന്നുവെന്നും നെഹ്‌റു തന്റെ ഇഷ്ടവിഷയമായിരുന്നെന്നും നേരത്തെ ഒരു അഭിമുഖത്തില്‍ വ്യാരാവാല പറഞ്ഞിരുന്നു.

ദല്‍ഹിയിലെ ഒരു ഡോവ് ഉദ്ഘാടനം ചെയ്യുന്ന നെഹ്‌റുവിനെ, സ്ഥിരമായി നമ്മള്‍ കാണാറുള്ള ശ്രദ്ധാലുവായ നെഹ്‌റുവില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ, ആ ചിത്രമാണ് തനിക്കേറ്റവും വ്യാരാവാലക്ക് ഏറ്റവും പ്രിയ്യപ്പെട്ടതെന്ന് അവര്‍ പറഞ്ഞിരുന്നു. ബ്രിട്ടീഷ് ഹൈക്കമ്മീഷണറുടെ ഭാര്യയ്ക്ക് സിഗരറ്റ് നല്‍കുന്ന ചിത്രം നെഹ്‌റു കാണാതെ അവര്‍ ക്യാമറയില്‍ പകര്‍ത്തി.

നെഹ്‌റുവിന്റെ 17 വര്‍ഷത്തെ പ്രധാനമന്ത്രി ജീവിതത്തില്‍ പകുതിയും കടന്നുപോയത് വൈരവല്ലയുടെ ക്യാമറയുടെ മുന്നില്‍കൂടിയായിരുന്നു. 1954ല്‍ ചൈനീസ് ഭരണാധികാരി സൗ എന്‍ ലായുമായി നെഹ്‌റു നടത്തിയ കൂടിക്കാഴ്ച ഇവര്‍ പകര്‍ത്തി. എട്ടുവര്‍ഷത്തിനുശേഷം. 1962 ചൈനീസ് സൈന്യം ഇന്ത്യയോട് യുദ്ധം ചെയ്തു. അത് തന്റെ പ്രിയ നേതാവിനുണ്ടാക്കിയ ചീത്തപ്പേരില്‍ വൈരവാല ഏറെ ഖിന്നയായിരുന്നു.

നെഹ്‌റു പ്രിയപ്പെട്ട വിഷയമായിരുന്നെങ്കിലും തന്റെ വിഷയവുമായി എപ്പോഴും അകലം പാലിക്കാനായിരുന്നു ഈ വനിതാ ഫോട്ടോഗ്രാഫര്‍ക്കിഷ്ടം. ഒരുപാട് വട്ടം ഫോട്ടോയ്ക്ക് വേണ്ടി പോസ് ചെയ്തു നല്‍കിയിട്ടും ഒരിക്കല്‍ പോലും നെഹ്‌റുവിനോട് അടുക്കാന്‍ മോഹിച്ചിട്ടില്ല. അവര്‍ക്കിടയിലെ ബന്ധങ്ങള്‍ യന്ത്രങ്ങളെ പോലെയായിരുന്നു. ചിത്രം എടുക്കും. ഇരുവരും തിരിഞ്ഞുനോക്കുകപോലും ചെയ്യാതെ അപ്രത്യക്ഷമാകും.

ഒരുപാട് കാലം നെഹ്‌റുവിന്റെ പിറകേ നടന്ന് അദ്ദേഹത്തിന്റെ ചലനങ്ങള്‍ ഒപ്പിയെടുത്ത വൈരവാലയുടെ ക്യാമറ നെഹ്‌റുവിന് മുമ്പില്‍ ആദ്യമായും അവസാനമായും ഒന്ന് പതറി. അത് ചേതനയറ്റ അദ്ദേഹത്തിന്റെ ശരീരം എരിഞ്ഞടങ്ങുമ്പോഴായിരുന്നു. നെഹ്‌റു കത്തിയെരുന്നതുകണ്ടപ്പോള്‍ ഇഷ്ടപ്പെട്ട കളിപ്പാട്ടം നഷ്ടപ്പെട്ട ഒരു കുട്ടിയെപ്പോലെ വൈരവല്ല പൊട്ടിക്കരയുകയായിരുന്നു.

നെഹ്‌റു മരിച്ചയുടന്‍ പരിസരം മറന്ന് തന്റെ അച്ഛനുനേരെ നോക്കിനില്‍ക്കുന്ന ഇന്ദിരയെ വൈരമല്ല തന്റെ ക്യാമറയിലൂടെ കണ്ടു. അത് ഒരുപാട് പേരെ ഏറെ ആകര്‍ഷിച്ച ചിത്രങ്ങളിലൊന്നായി മാറി. ഒരു വിഷയം എന്ന നിലയില്‍ നെഹ്‌റുവിനെ ഒരുപാടിഷ്ടപ്പെട്ട ഈ ഫോട്ടോഗ്രാഫര്‍ക്ക് മഹാത്മാഗാന്ധിയുടെ ഫോട്ടോ എടുക്കാനും വലിയ ഇഷ്ടമായിരുന്നു. 1947 ഇന്ത്യയെ വിഭജിക്കണമെന്ന ആവശ്യം കോണ്‍ഗ്രസ് പ്രതിനിധികള്‍ അംഗീകരിച്ചപ്പോള്‍ ഇവര്‍ അവിടെയുണ്ടായിരുന്നു. ഞങ്ങള്‍ക്ക് അന്ന് പലതും നഷ്ടപ്പെടുകയായിരുന്നു എന്നാണ് ഇതിനെക്കുറിച്ച് കോപത്തോടെ അവര്‍ പറഞ്ഞത്.

വൈരമുല്ല ഒരുപാട് ഓര്‍ത്തിരുന്ന മറ്റൊരു നായകനാണ് ഇന്ത്യയുടെ പ്രസിഡന്റായിരുന്ന ഡോ.എസ് രാധാകൃഷ്ണന്‍.

Malayalam news

Kerala news in English