ഓസ്‌കാര്‍ ജേതാവ് സോഫിയാ ലോറന് ഹോളിവുഡിന്റെ ആദരം. ലോറന് ഓസ്‌കാര്‍ ലഭിച്ചതിന്റെ അന്‍പതാം വാര്‍ഷികവുമായി ബന്ധപ്പെട്ട ചടങ്ങിലാണ് ഈ ഇറ്റാലിയന്‍ സുന്ദരിയുടെ നേട്ടങ്ങളെ ഹോളിവുഡ് സ്മരിച്ചത്. ഹോളിവുഡ് സെലിബ്രിറ്റികളായ ജോണ്‍ ട്രവോള്‍ട, ടോം ഹാങ്ക്‌സ്, സംവിധായകന്‍ റോബ് മാര്‍ഷല്‍, കൊമേഡിയന്‍ ബില്ലി ക്രിസ്റ്റല്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

തന്റെ സഹപ്രവര്‍ത്തകരും, കൂട്ടുകാരും നല്‍കിയ ഈ സ്‌നേഹാദരങ്ങള്‍ ഏറ്റുവാങ്ങവേ സോഫിയ വികാര ഭരിതയായി. ഇപ്പോള്‍ ‘എനിക്ക് തോന്നുന്ന സന്തോഷം പറഞ്ഞറിയിക്കാനാവില്ല. എനിക്ക് ഓസ്‌കാര്‍ ലഭിച്ചിട്ട് അന്‍പതു വര്‍ഷങ്ങള്‍ കഴിഞ്ഞു എന്നത് വിശ്വസിക്കാനേ കഴിയുന്നില്ല.’ സോഫിയ പറഞ്ഞു.

ചലച്ചിത്ര സപര്യയ്ക്ക് സോഫിയ നല്‍കിയ സംഭാവനകള്‍ സ്മരിക്കുന്നതിനായി ബെവേള്‍ലി ഹില്‍സില്‍ ദ ടൊറോണ്‍ടോ സണ്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അവര്‍.

ലോറന്റെ എന്നെന്നും ഓര്‍ക്കുന്ന ചില കഥാപാത്രങ്ങളുടെ പ്രദര്‍ശനവും നടന്നിരുന്നു. ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും വലിയ അത്ഭുതമാണ് സോഫിയയെന്ന് സംവിധായകന്‍ റോബ് മാര്‍ഷല്‍ പറഞ്ഞു. മാര്‍ഷലിന്റെ നൈന്‍ എന്ന ചിത്രത്തില്‍ സോഫിയ നായികയായെത്തിയിരുന്നു. സുന്ദരിയും അഭിനവ കുലപതിയുമാണ് സോഫിയയെന്ന് ഓസ്‌കാര്‍ ജേതാവ് ടോം ഹാങ്ക്‌സ് പറഞ്ഞു.

ലോറന്റെ മക്കളായ കാര്‍ലോയും, എഡോര്‍ഡോയും ചടങ്ങിനെത്തിയിരുന്നു.