ബ്രിട്ടന്റെ മുന്‍ പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചറുടെ ജീവിതത്തെ അടിസ്ഥാനമാക്കി ചിത്രീകരിച്ച ഹോളിവുഡ് ചിത്രം ‘ അയേണ്‍ ലേഡി’ തിയ്യേറ്ററുകളിലെത്തി. മുതിര്‍ന്ന നടി മെറില്‍ സ്ട്രീപ്പാണ് ചിത്രത്തില്‍ മാര്‍ഗരറ്റിനെ അവതരിപ്പിക്കുന്നത്.

‘ഉരുക്കുവനിത എന്നറിയപ്പെടുന്ന മാര്‍ഗരറ്റ് താച്ചര്‍ക്ക് ഇപ്പോള്‍ 86 വയസ്സായി. പത്തുവര്‍ഷത്തിലേറെയായി പൊതുജീവിതത്തില്‍ നിന്നകന്ന് ഒറ്റപ്പെട്ട് കഴിയുകയാണ് മാര്‍ഗരറ്റ്. അവിശ്വസനീയവും സംഭവബഹുലവുമായി ഉയര്‍ച്ച താഴ്ചകളുടെ കഥയാണ് മാര്‍ഗരറ്റിന്റെ ജീവിതം.

Subscribe Us:

ഫില്ലിഡ ലോയിഡ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ അബി മോര്‍ഗന്റേതാണ്. ബ്രിട്ടനിലെ പുരുഷാധിപത്യ രാഷ്ട്രീയത്തില്‍ ചലനങ്ങളുണ്ടാക്കിയ ഏകവനിതയുടെ ജീവിതത്തെ ഒരു ഷേക്‌സ്പിയര്‍ ദുരന്തനാടകത്തിന്റെ ശൈലിയിലാണ് ആവിഷ്‌കരിക്കുന്നതെന്ന് സംവിധായികയും തിരക്കഥാകൃത്തും പറയുന്നു.

ഒരു പലച്ചരക്കുകടക്കാരന്റെ മകളായി ജനിച്ച്, രാജ്യാധികാരത്തിലേക്കുയര്‍ന്ന വ്യക്തിത്വമാണ് മാര്‍ഗരറ്റ് താച്ചര്‍.യാഥാസ്ഥിതിക രാഷ്ട്രീയത്തിലൂടെ 1979ലാണ് മാര്‍ഗരറ്റ് ബ്രിട്ടന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയാവുന്നത്. കടുത്ത കമ്മ്യൂണിസ്റ്റ്- സോഷ്യലിസ്റ്റ് വിരുദ്ധയായിരുന്നു. ഇതിലൂടെ ലോകപ്രശസ്തി നേടിയ താച്ചര്‍ 11 വര്‍ഷത്തെ ഭരണത്തിനുശേഷം 1990ല്‍ മന്ത്രിസഭയുടെ പിന്തുണ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് കണ്ണീരോടെ അധികാരം വിട്ടൊഴിയുകയായിരുന്നു.

ഒരിക്കല്‍ വി.ഐ.പി പരിചരണത്തില്‍ കഴിഞ്ഞ മാര്‍ഗരറ്റ് വാര്‍ധക്യത്തില്‍ മറ്റേതു സാധാരണപൗരനെയും പോലെ സാധാരണ ജീവിതത്തിലേക്ക് പിന്‍വാങ്ങുകയാണുണ്ടായത്.

ഏകാന്തജീവിതം നയിക്കുന്ന, മറവി രോഗം ശല്യപ്പെടുത്തുന്ന, അസ്വാസ്ഥ്യങ്ങളാല്‍ വീര്‍പ്പുമുട്ടുന്ന ഒരു വൃദ്ധയാണ് സിനിമയില്‍ മാര്‍ഗരറ്റ്. തന്റെ ഉജ്ജ്വലമായ ഭൂതകാല പ്രതാപങ്ങളെ അവരുടെ ശിഥിലമായ സ്മരണകളിലൂടെ അനാവരണം ചെയ്യുകയാണ് അയേണ്‍ ലേഡി.

Malayalam News

Kerala News In English