കൊച്ചി : യുവ തലമുറയുടെ കഥ പറയുന്ന ‘ഹോളിഡേയ്‌സ് ഇന്ന് തിയേറ്ററുകളിലെത്തും. തന്റെ സിനിമ യുവാക്കള്‍ക്ക് ഏറെ ഇഷ്ടപ്പെടുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നതെന്ന് സംവിധായകന്‍ അറ്റ്‌ലസ് രാമചന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നിര്‍മ്മാതാവും അഭിനേതാവുമായ അറ്റ്‌ലസ് രാമചന്ദ്രന്‍ ആദ്യമായി സംവിധായകന്റെ മേലങ്കി അണിയുന്ന ചിത്രമാണ് ഹോളിഡേയ്‌സ്.

ബാംഗ്‌ളൂരില്‍ നിന്ന് കൊച്ചിയിലെത്തുന്ന ഐ.ടി വിദ്യാര്‍ത്ഥികളുടെ ജീവിതത്തിലെ സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്. വിനു മോഹന്‍, സുധീഷ്, കലാഭവന്‍ മണി, ഹരിശ്രീ അശോകന്‍, മുക്ത, രൂപശ്രീ തുടങ്ങിയവര്‍ അഭിനയിച്ച സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും മോഹന്‍തോമസിന്റേതാണ്. യുവ താരങ്ങള്‍ ക്കൊപ്പം അനുഭവ സമ്പത്തുള്ള താരങ്ങളെക്കൂടി അണി നിരത്തുന്നതിനാല്‍ ചിത്രത്തിന് പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ കഴിയുമെന്നും വൈശാലി, സുകൃതം, ധനം തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മ്മാതാവു കൂടിയായ അറ്റ്‌ലസ് രാമചന്ദ്രന്‍ പറഞ്ഞു.