സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത നിദ്രയ്ക്ക് ഹോള്‍ഡ് ഓവര്‍ ഭീഷണി. ചിത്രം കണ്ടവരില്‍ നിന്നും നല്ല പ്രതികരണം ലഭിച്ചിട്ടും ഇനീഷ്യല്‍ കളക്ഷന്‍ ഇല്ലെന്ന പേരില്‍ പല തിയ്യേറ്ററുകളിലും ഈ ചിത്രത്തെ അവഗണിക്കുകയാണ്.

ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി നിദ്രയുടെ അണിയറപ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്. ആദ്യദിനങ്ങളില്‍ കളക്ഷന്‍ ഇല്ലാത്തതിന്റെ പേരില്‍ നിദ്ര തിയ്യേറ്ററുകളില്‍ നിന്ന് മാറ്റാനുള്ള തീരുമാനമാണ് പ്രതിഷേധത്തിനിടയാക്കിയിരിക്കുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ച 46 തിയ്യേറ്ററുകളിലാണ് നിദ്ര റിലീസ് ചെയ്തത്. നാല് തിയ്യേറ്ററുകളില്‍ നിന്ന് ചിത്രം ഇതിനോടകം മാറ്റി. പത്തോളം തിയ്യേറ്ററുകളില്‍ നിന്ന് ഈയാഴ്ച ചിത്രം അപ്രത്യക്ഷമാകും.

ആദ്യവാരത്തില്‍ തന്നെ മികച്ച അഭിപ്രായം തേടിയ ചിത്രം എടുത്തുമാറ്റുന്നത് പുതുനിര സിനിമാശ്രമങ്ങളെ തളര്‍ത്തുമെന്ന് ഈ വാര്‍ത്തയോട് പ്രതികരിച്ചുകൊണ്ട് സംവിധായകന്‍ സിദ്ധാര്‍ത്ഥ് ഭരതന്‍ പറഞ്ഞു. മുന്‍നിരതാരങ്ങളില്ല എന്നതിനാല്‍ ചിത്രം കൂടുതല്‍ പേരിലേക്ക് എത്തണമെങ്കില്‍ സമയം ആവശ്യമാണ്. സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ അനിയത്തിപ്രാവ്, നിറം, നമ്മള്‍ എന്നിവയ്ക്ക് ഇനീഷ്യല്‍ കലക്ഷന്‍ കുറവായിരുന്നു. മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് ഈ ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടത്. കലാമൂല്യമുള്ള സിനിമ എന്ന നിലയില്‍ നിദ്രയ്ക്ക് പിന്തുണ നല്‍കാന്‍ തിയേറ്റര്‍  ഉടമകള്‍ തയ്യാറാകണമെന്നും സിദ്ധാര്‍ത്ഥ് അഭിപ്രായപ്പെട്ടു.

Malayalam news

Kerala news in English