ന്യൂദല്‍ഹി: ഒളിംപിക്‌സ് യോഗ്യതാ ഹോക്കിയിലെ വാശിയേറിയ മല്‍സരത്തില്‍ കാനഡയെ 3-2നു മറികടന്ന  ഇന്ത്യ ഫൈനല്‍ ഉറപ്പാക്കി.  ധ്യാന്‍ചന്ദ് സ്‌റ്റേഡിയത്തില്‍ ഇന്നലെ രാത്രി നടന്ന പുരുഷന്‍മാരുടെ മത്സരത്തില്‍ കാനഡയെ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കു തോല്‍പ്പിച്ചാണ് ഇന്ത്യ ഫൈനലില്‍ കടന്നത്. വൈകിട്ടു ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടന്ന മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ 2-5 നു തോറ്റു.

26നു ഫൈനലില്‍ ജയിക്കുന്ന ടീം ലണ്ടന്‍ ഒളിംപിക്‌സിലേക്കു പറക്കും. തോല്‍വിയറിയാതെ ഇന്ത്യ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ്. ഇന്ന് വിശ്രമദിനമാണ്. നാളെ എട്ടിന് ഇന്ത്യ, അവസാന പൂള്‍ മല്‍സരത്തില്‍ പോളണ്ടിനെ നേരിടും. ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ കൃത്യമായ ആസൂത്രണത്തോടെ കളിക്കളത്തില്‍ നിറഞ്ഞതോടെ ഇന്ത്യന്‍ താരങ്ങള്‍ നിറംമങ്ങി. ഡിര്‍കി ചേമ്പര്‍ലൈന്‍ ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി ഹാട്രിക്കടിച്ചു. സുലെറ്റെ ഡാമന്‍സിന്റെ വകയായിരുന്നു രണ്ടു ഗോളുകള്‍.

രണ്ടു ഗോളിനു മുന്നിലെത്തുകയും സമനില വഴങ്ങുകയും ചെയ്ത ഇന്ത്യന്‍ പുരുഷ ടീം അവസാന നിമിഷങ്ങളിലാണ് വിജയ ഗോള്‍ നേടിയത്. ശിവേന്ദ്ര സിങ് ആദ്യ ഗോളും പെനല്‍റ്റി കോര്‍ണറില്‍ നിന്നു സന്ദീപ് സിങ് മറ്റു രണ്ടു ഗോളും നേടി.  അനാവശ്യ ആവേശം കാണിക്കാതെ, പ്രതിരോധം ശക്തമാക്കിയും അവസരം കിട്ടുമ്പോള്‍ വിങ്ങുകളിലൂടെ കയറിയുമായിരുന്നു ഇന്ത്യയുടെ കളി. കനത്തപ്രതിരോധം തീര്‍ത്ത് കാനഡ ഇന്ത്യയെ തടഞ്ഞു.

ഇരുപത്തഞ്ചാം മിനിറ്റിലായിരുന്നു ആദ്യ ഗോള്‍. കാനഡ പ്രതിരോധനിരയുടെ അബദ്ധം മുതലാക്കി, പന്ത് റാഞ്ചിയ ശിവേന്ദ്ര സിങ് കണ്ണഞ്ചും വേഗത്തില്‍ ചാടിക്കറങ്ങി തൊടുത്ത ഷോട്ട്, സ്‌റ്റേഡിയത്തെ പ്രകമ്പനം കൊള്ളിച്ചു (1 -0). പ്രതിരോധത്തിലേക്കിറങ്ങിയും മധ്യനിര കാത്തും മുന്നേറ്റനിരയ്ക്കു പന്തെത്തിച്ചും നായകന്‍ സര്‍ദാര്‍ സിങ് കളിക്കളത്തില്‍ നിറഞ്ഞു.

രണ്ടാം പകുതിയുടെ ആദ്യ നിമിഷങ്ങളില്‍ ഇന്ത്യയ്ക്കു പെനല്‍റ്റി കോര്‍ണര്‍ ലഭിച്ചു. സന്ദീപിന്റെ വക ഇന്ത്യയ്ക്കു രണ്ടാം ഗോള്‍(2-0). പിന്നീട് രണ്ടു ഗോളുകള്‍ തിരിച്ചടിച്ചു കാനഡ കരുത്തുകാട്ടി(2-2). അവസാന നിമിഷങ്ങളില്‍ ലഭിച്ച പെനല്‍റ്റി കോര്‍ണറില്‍, സന്ദീപിന്റെ വകയായി സുന്ദരന്‍ ഗോള്‍(3-2). ഇന്ത്യ വിജയമുറപ്പിച്ചു.

ഇന്നു വൈകിട്ട് ആറിന് ഇറ്റലിക്കെതിരേ നടക്കുന്ന മത്സരം ഇന്ത്യക്കാരികളെ സംബന്ധിച്ചിടത്തോളം സെമി ഫൈനലാണ്. ദക്ഷിണാഫ്രിക്കയ്ക്ക് നാലു കളികളില്‍നിന്ന് മൂന്നു ജയവും ഒരു സമനിലയുമായി 10 പോയിന്റുണ്ട്. ഇറ്റലിക്ക് അത്രയും കളികളില്‍നിന്ന് രണ്ട് ജയവും രണ്ടു സമനിലയുമടക്കം എട്ടു പോയിന്റുണ്ട്. ഇന്ത്യക്ക് നാലു കളികളില്‍നിന്ന് രണ്ടു ജയവും ഒരു തോല്‍വിയും ഒരു സമനിലയുമടക്കം ഏഴു പോയിന്റാണ്.

Malayalam News

Kerala News In English