Administrator
Administrator
ഒളിംപിക്‌സ് യോഗ്യത നേടിയ ടീമിന് ഇന്ത്യയില്‍ പരിശീലത്തിന് യോഗ്യതയില്ല
Administrator
Monday 5th March 2012 1:50pm

ന്യൂദല്‍ഹി: ലണ്ടന്‍ ഒളിംപിക്‌സ് മത്സരത്തില്‍ പങ്കെടുക്കാനുള്ള യോഗ്യത നേടിയിട്ടും ഇന്ത്യന്‍ ടീമംഗങ്ങള്‍ പരിശീലനം നടത്താനുള്ള ഗ്രൗണ്ട് ഇല്ലാതെ വിഷമിക്കുന്നു. ബാഗ്ലൂരിലെ സായ് സെന്ററാണ് ഇവര്‍ക്ക് പരിശീലത്തിനായി അനുവദിക്കുമെന്നു പറഞ്ഞിരുന്നത്. എന്നാല്‍ കായികമന്ത്രാലയത്തിന്റെ ഉത്തരവ് ലഭിക്കാത്തതിനാല്‍ അവിടെയും പരിശീലനം തുടങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്.

കഴിഞ്ഞ വര്‍ഷം നവംബര്‍മുതല്‍ തന്നെ പരിശീലന ക്യാമ്പ് അനുവദിക്കുന്നതിനെ കുറിച്ച് കായിക താരങ്ങള്‍ ആവശ്യമുന്നയിച്ചതാണ്‌. എന്നാല്‍ ഇപ്പോഴും അക്കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഹോക്കി ഇന്ത്യയും ഇന്ത്യന്‍ ഹോക്കി ഫെഡറേഷനും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുമ്പോഴും കായികതാരങ്ങള്‍ക്ക് ആവശ്യമായ സൗകര്യം ചെയ്തുകൊടുക്കുന്ന കാര്യത്തില്‍ ഇരുകൂട്ടരും പൂര്‍ണപരാജയമാണ്.

ബാംഗ്ലൂരിലെ സായി സെന്റര്‍ കായികതാരങ്ങള്‍ക്കായി അനുവദിച്ചുതരണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ നവംബര്‍ 19 ന് കായികമന്ത്രാലത്തിന് കത്തയച്ചിരുന്നതായും എന്നാല്‍ അതില്‍ നടപടിയൊന്നും എടുത്തില്ലെന്നും ഹോക്കി ഇന്ത്യ(എച്ച്.ഐ) വ്യക്തമാക്കി. ഹോക്കി ടീമിന്റെ വളര്‍ച്ച ലക്ഷ്യം വെച്ചുകൊണ്ടുള്ള നിരവധി ഡെവലപ്‌മെന്റല്‍ പ്രോഗ്രാമിന് രൂപം നല്‍കാന്‍ ഉദ്ദേശിച്ചിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.

ഇന്ത്യന്‍ കായികമന്ത്രാലത്തിന്റെ മറുപടി ലഭിക്കാതെ വന്നതോടെ ഡിസംബര്‍ 8 ന് വീണ്ടും കത്തയച്ചെങ്കിലും അതിലും നടപടിയൊന്നും ആയില്ല. ഹോക്കി യോഗ്യതാ മത്സരം ജയിച്ച് ടീം മടങ്ങിയെത്തിയതിനുശേഷം കഴിഞ്ഞമാസം 27ാം തിയ്യതി പരിശീലന ക്യാമ്പ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് വീണ്ടും കായികമന്ത്രാലത്തിന് കത്തയച്ചിരുന്നു.

സായ് സെന്ററില്‍ പരിശീലനം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു മീറ്റിംഗ് വിളിച്ചുചേര്‍ക്കണമെന്നാവശ്യപ്പെട്ട് സായ് എക്‌സിക്യൂട്ടിവ് ഡയരക്ടര്‍ പി.സി കശ്യപ് കായിക മന്ത്രാലയത്തിന് കത്തയച്ചിട്ടുണ്ട്.ഇതിനുള്ള മറുപടിയ്ക്കായി കാത്തിരിക്കുകയാണ് ഇവര്‍. പരിശീലത്തിനായി ഹോക്കി അംഗങ്ങള്‍ ഇന്ന് ബാംഗ്ലൂരിലെത്തുമെങ്കിലും പരിശീലത്തിനായി ഗ്രൗണ്ട് ലഭിക്കാത്തതിനാല്‍ അവര്‍ക്ക് മുറിയില്‍ തന്നെ ഇരിക്കേണ്ടിവരുമെന്നാണ് അറിയുന്നത്.

കായികമന്ത്രാലത്തിന്റെ അനുമതി ലഭിക്കുന്നത് വരെ കായികതാരങ്ങള്‍ക്ക് പരിശീലനം തുടരാന്‍ കഴിയില്ലെന്നാണ് അറിയുന്നത്.അതേസമയം മധ്യപ്രദേശില്‍ ക്യാമ്പ് അനുവദിക്കാന്‍ ഇന്ത്യന്‍ ഹോക്കി മാനേജ്‌മെന്റ് തയ്യാറാണെങ്കില്‍ അതിനുള്ള എല്ലാ ചെലവുകളും വഹിക്കാന്‍ തയ്യാറാണെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

എന്നാല്‍ ഏഷ്യന്‍ ചാമ്പ്യന്മാരായി തിരിച്ചെത്തിയ ഇന്ത്യന്‍ ഹോക്കി ടീം കായികമന്ത്രാലയം ആകെ നല്‍കിയത് 25000 രൂപയാണ്. ഒരൊറ്റ മത്സരം പോലും തോല്‍ക്കാതെയും ഫൈനലില്‍ പരമ്പരാഗത വൈരികളായ പാകിസ്താനെ തോല്‍പിച്ചും ചാമ്പ്യന്മാരായതിനെ അര്‍ഹിക്കുന്ന രീതിക്ക് അര്‍ഹിക്കുന്ന മാന്യത ലഭിച്ചില്ലെന്ന് ക്യാപ്റ്റന്‍ രാജ്പാല്‍സിങ് കുറ്റപ്പെടുത്തുകയും തുക നിരസ്സിക്കുകയും ചെയ്തിരുന്നു.

ദേശീയ കായികമത്സരമായ ഹോക്കിയെ പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന സര്‍ക്കാരിന്റെ വാഗ്ദാനത്തിലെ പൊള്ളത്തരമാണ് ഈ സമ്മാനത്തുക വെളിവാക്കുന്നതെന്നും രോഷാകുലനായി രാജ്പാല്‍ പറഞ്ഞു. കളിക്കാര്‍ക്ക് സമ്മാനത്തുക നല്‍കുന്ന കാര്യത്തില്‍ ഹോക്കി ഫെഡേറേഷന്‍ ബി.സി.സി.ഐ.യെ മാതൃകയാക്കണമെന്നും രാജ്പാല്‍ അഭിപ്രായപ്പെട്ടു.

Malayalam news

Kerala news in English

Advertisement