ന്യൂദല്‍ഹി: അച്ചടക്കം ലംഘിച്ചതിന് ഇന്ത്യന്‍ ഹോക്കി താരങ്ങളായ സന്ദീപ് സിങിനെയും സര്‍ദാര സിങ്ങിനെയും ഏര്‍പ്പെടുത്തിയ രണ്ട് വര്‍ഷത്തെ വിലക്ക് ഹോക്കി ഇന്ത്യ പിന്‍വലിച്ചു.

അപ്പീല്‍ കമ്മറ്റി മുമ്പാകെ ഇരുതാരങ്ങളും നിരുപാദിക ഖേദം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് വിലക്ക് നീക്കുന്നതെന്ന് ഹോക്കി ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അനുപം ഗുലാദി വ്യക്തമാക്കി.

താരങ്ങള്‍ ക്ഷമാപണം നടത്തിയതിനെ തുടര്‍ന്നാണ് നടപടി. ഇരുവര്‍ക്കു തെറ്റുതിരുത്തി തിരിച്ചുവരാനുള്ള അവസാന അവസരമാണിത്. ഇനിയും അച്ചടക്കലംഘനം നടത്തുകയാണെങ്കില്‍ കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ ഹോക്കി ഇന്ത്യ മടികാണിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി ടൂര്‍ണ്ണമെന്റിന് മുന്നോടിയായി ബാംഗ്ലൂരില്‍ നടന്ന പരിശീലന ക്യാമ്പില്‍ നിന്ന് ഇരു താരങ്ങളും കാരണമറിയിക്കാതെ പിന്‍വാങ്ങിയതിനെ തുടര്‍ന്നാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. കോച്ചുമായും മറ്റ് കളിക്കാരുമായുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് ഇരുതാരങ്ങളും ക്യാംപ് വിട്ടിറങ്ങി പോയത് എന്നാണ് സൂചന .

തുടര്‍ന്ന് ഹോക്കി ഇന്ത്യ ചെയര്‍മാന്‍ പര്‍ഗത് സിങ്, സര്‍ക്കാര്‍ നിരീക്ഷകന്‍ ദിലീപ് തിര്‍ക്കി, ഹര്‍ബിന്ദര്‍ സിങ്, കോച്ചിംഗ് സ്റ്റാഫ് രജനീഷ് മിശ്‌റ, കളിക്കാരുടെ പ്രതിനിധിയായ മുകേഷ് കുമാര്‍ എന്നിവരടങ്ങുന്ന സമിതിയാണ് സന്ദീപ് സിങിനും സര്‍ദാര സിങ്ങിനുമെതിരെ അച്ചടക്കനടപടി സ്വീകരിച്ചത്.