ലണ്ടന്‍: ലണ്ടന്‍ ഒളിമ്പിക്‌സിനുള്ള യോഗ്യതാ നിര്‍ണയ ഹോക്കി ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ പുരുഷ, വനിതാ ടീമുകള്‍ വിജയം നേടി. ജയത്തോടെ ഇരു വിഭാഗത്തിലും ഇന്ത്യ ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തു.

പുരുഷവിഭാഗം പൂള്‍ എ മത്സരത്തില്‍ ഇന്ത്യ 6-2ന് ഫ്രാന്‍സിനെ തകര്‍ത്തപ്പോള്‍ വനിതകള്‍ എതിരില്ലാത്ത മൂന്നു ഗോളിന് (3-0) പോളണ്ടിനെ പരാജയപ്പെടുത്തി. കളിച്ച മൂന്നു മത്സരങ്ങളും ജയിച്ച ഇന്ത്യയുടെ പുരുഷ ടീം ഒമ്പതു പോയന്റോടെയാണ് ആദ്യ സ്ഥാനത്തുവന്നത്. ഇതോടെ ഫൈനലില്‍ ഏറെക്കുറെ സ്ഥാനമുറപ്പിക്കുകയും ചെയ്തു.

പുരുഷന്‍മാരുടെ മത്സരത്തില്‍ പെനാല്‍റ്റി കോര്‍ണര്‍ സ്‌പെഷലിസ്റ്റ് സന്ദീപ് സിംഗ് ഇന്ത്യക്കു വേണ്ടി ഹാട്രിക് ഗോളടിച്ചു. ശിവേന്ദ്ര സിംഗ്, എസ്.വി. സുനില്‍, തുഷാര്‍ ഖാണ്ടേക്കര്‍ എന്നിവര്‍ ഓരോ ഗോള്‍ വീതമടിച്ചു. ലൂകാസ് സെവെസ്റ്റര്‍, ഫാബിയന്‍ മാഗ്‌നര്‍ എന്നിവരാണു ഫ്രഞ്ചുകാര്‍ക്കു വേണ്ടി ഗോളടിച്ചത്. ഇന്ത്യയുടെ തുടര്‍ച്ചയായ മൂന്നാം ജയമാണിത്.

ഫ്രാന്‍സിന്റെ രണ്ടു ഗോളും പെനാല്‍ട്ടി കോര്‍ണറില്‍ നിന്നായിരുന്നു. ആദ്യ പകുതിയുടെ അവസാന സെക്കന്‍ഡില്‍ സെവസ്‌ത്രെയിലൂടെയാണ് ഫ്രാന്‍സ് ആദ്യ ഗോള്‍ മടക്കിയത്. ഇന്ത്യ 51ന് മുന്നിട്ടുനില്‌ക്കെ 57ാം മിനിറ്റിലായിരുന്നു ഫ്രാന്‍സിന്റെ രണ്ടാം ഗോള്‍. കളി തീരാന്‍ എട്ടു മിനിറ്റ് ബാക്കിനില്‌ക്കെ തുഷാര്‍ ഖണ്ഡേക്കര്‍ ഇന്ത്യുടെ പട്ടിക തികച്ചു.

ആദ്യ മത്സരത്തില്‍ യുെ്രെകനുമായി സമനില വഴങ്ങിയ ഇന്ത്യന്‍ വനിതകള്‍ക്ക് ഏഴു പോയന്റാണ് ഇപ്പോഴുള്ളത്. ദക്ഷിണാഫ്രിക്കയെ ദുര്‍ബലരായ ഇറ്റലി 1-1ന് സമനിലയില്‍ പിടിച്ചതാണ് ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനം സമ്മാനിച്ചത്. ദക്ഷിണാഫ്രിക്കയ്ക്കും ഇന്ത്യക്കും ഏഴു പോയന്റാണുള്ളതെങ്കിലും ഗോള്‍ ശരാശരിയില്‍ ഇന്ത്യ ആദ്യ സ്ഥാനത്തെത്തുകയായിരുന്നു.

Malayalam News

Kerala News In English