എഡിറ്റര്‍
എഡിറ്റര്‍
ഹോക്കി: ഇന്ത്യയ്ക്ക് തോല്‍വിയോടെ തുടക്കം
എഡിറ്റര്‍
Friday 25th May 2012 1:04pm

 മലേഷ്യ: ഒളിമ്പിക്‌സിന് തയ്യാറെടുക്കുന്ന ഇന്ത്യന്‍ ടീമിന് അസ്ലന്‍ഷാ കപ്പ് ഹോക്കിയില്‍ ദയനീയ തോല്‍വിയോടെ തുടക്കം. ആദ്യ കളിയില്‍ തന്നെ ന്യൂസീലന്‍ഡിനോട് ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ഇന്ത്യ തോറ്റത്.

ഒന്നാം മിനിറ്റില്‍ത്തന്നെ സിമൊണ്‍ ചൈല്‍ഡിന്റെ ഗോളില്‍ കിവികള്‍ മുന്നിലെത്തിയിരുന്നു. പന്ത് അടിച്ചകറ്റാന്‍ ഡിഫന്‍ഡര്‍ സന്ദീപ് സിങ് വരുത്തിയ പിഴവാണ് ഗോളിന് വഴിയിട്ടത്.

എന്നാല്‍, അഞ്ച് മിനിറ്റിനകം ശിവേന്ദ്ര സിങ്ങിലൂടെ ഗോള്‍ മടക്കാന്‍ ഇന്ത്യയ്ക്കായി. പിന്നീട് വേഗമേറിയ നീക്കങ്ങളിലൂടെ ആധിപത്യം നേടിയ ന്യൂസീലന്‍ഡിനായി ആന്‍ഡി ഹെയ്വാര്‍ഡ് (34), സ്റ്റീഫണ്‍ ജെന്നസ് (42), നിക്ക് വില്‍സണ്‍ (58), മാറ്റ് ഹുള്ളിയര്‍ (65) എന്നിവരും ഗോളടിച്ചു.

ഇന്ത്യയുടെ ഒളിമ്പിക് പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ് തോല്‍വി. ഇന്ത്യയും ന്യൂസീലന്‍ഡും ലണ്ടനില്‍ ഒരേ ഗ്രൂപ്പിലാണ് മത്സരിക്കുന്നത്. ഹോളണ്ടും ജര്‍മനിയും മത്സരിക്കുന്ന ഗ്രൂപ്പില്‍ നിന്ന് മുന്നേറാന്‍ ആറ് വട്ടം ജേതാക്കളായ ഇന്ത്യയ്ക്ക് ഇന്നത്തെ നിലവാരം മതിയാവില്ല.

തോല്‍വി ടീമിന് ആത്മപരിശോധനയ്ക്കുള്ള അവസരമാണെന്ന് കോച്ച് മൈക്കല്‍ നോബ്‌സ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം നേടിയ 73 ന്റെ വന്‍ ജയം ആവര്‍ത്തിക്കുകയായിരുന്നു കിവികള്‍.

Advertisement