ന്യൂദല്‍ഹി: അച്ചടക്കം ലംഘിച്ചതിന് ഇന്ത്യന്‍ ഹോക്കി താരങ്ങളായ സന്ദീപ് സിങിനെയും സര്‍ദാര സിങിനെയും ഹോക്കി ഇന്ത്യ രണ്ട് വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. ഞായറാഴ്ച ഹോക്കി ഇന്ത്യയുടെ ആസ്ഥാനത്ത് നടത്തിയ അച്ചടക്ക കമ്മറ്റി മീറ്റിംഗിന് ശേഷമാണ് താരങ്ങള്‍ക്കെതിരെയുള്ള നടപടിയെകുറിച്ച് സംഘടനാ അറിയുപ്പുണ്ടായത്.

ബാംഗ്ലൂരില്‍ നടന്ന് വരുന്ന ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി പരിശീലന ക്യാംപില്‍ നിന്ന് ഇരു താരങ്ങളും കാരണമറിയിക്കാതെ പിന്‍വാങ്ങിയിരുന്നു. കോച്ചുമായും മറ്റ് കളിക്കാരുമായുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാ ണ് ഇരുതാരങ്ങളും ക്യാംപ് വിട്ടിറങ്ങി പോയതെന്നാണ് സൂചന. താരങ്ങള്‍ ഇതാദ്യമല്ല ഇത്തരത്തിലുള്ള അച്ചടക്ക ലംഘനം കാണിക്കുന്നതെന്ന് നടപടി വിശദീകരിച്ച ഹോക്കി ഇന്ത്യാ ഭാരവാഹികല്‍ അറിയിച്ചു.

ചെയര്‍മാന്‍ പര്‍ഗത് സിങ്, സര്‍ക്കാര്‍ നിരീക്ഷകന്‍ ദിലീപ് തിര്‍ക്കി, ഹര്‍ബിന്ദര്‍ സിങ്, കോച്ചിംഗ് സ്റ്റാഫ് രജനീഷ് മിശ്‌റ, കളിക്കാരുടെ പ്രതിനിധിയായ മുകേഷ് കുമാര്‍ എന്നിവരടങ്ങുന്ന സമിതിയാണ് കളിക്കാര്‍ക്കെതിരെ അച്ചടക്കനടപടി സ്വീകരിച്ചത്.