എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യന്‍ ഹോക്കി ഒരു ദൂരന്തകാവ്യം
എഡിറ്റര്‍
Monday 13th August 2012 9:33am


ഹോക്ക് ഐ/വിബീഷ് വിക്രം


64 വര്‍ഷങ്ങള്‍ക്ക് മുമ്പ് ലണ്ടനില്‍ വച്ചായിരുന്നു സ്വതന്ത്ര്യാനന്തര ഇന്ത്യ കായികരംഗത്തെ ആദ്യനേട്ടം കൈയ്യെത്തിപ്പിടിച്ചത്. 1948-ലെ ലണ്ടന്‍ ഒളിമ്പിക്‌സില്‍ ഹോക്കിയില്‍  സ്വര്‍ണ്ണപതക്കം നേടിക്കൊണ്ടായിരുന്നു അത്. ലോകകായിക മാമാങ്കത്തിലെ ഇന്ത്യയുടെ ആദ്യ സുവര്‍ണ്ണ നേട്ടം.

Ads By Google

ആറ്‌ പതിറ്റാണ്ടിനിപ്പുറം ഹോക്കിയില്‍ ഇന്ത്യ നാണക്കേടിന്റെ പുതിയ ചരിത്രം രചിക്കുന്നതിന് സാക്ഷിയായതും അതേ ലണ്ടന്‍ നഗരം. 2012 ലണ്ടന്‍ ഒളിമ്പിക്‌സില്‍ 12 രാജ്യങ്ങള്‍ അണിനിരന്ന പുരുഷ ഹോക്കിയില്‍ ഇന്ത്യയുടെ സ്ഥാനം ഒടുവില്‍ നിന്ന് ഒന്നാമത്. ഇതുവരെ കൈവരിക്കാനാവാഞ്ഞതും ഇനിയൊരിക്കലും ഓര്‍ക്കാന്‍ ആഗ്രഹിക്കാത്തതുമായ വീരഗാഥ രചിച്ചാണ് ഇന്ത്യന്‍ ടീം ലണ്ടനില്‍ നിന്ന് തിരിച്ച് നാട്ടിലേക്ക് വണ്ടി കയറുന്നത്.

11-12 സ്ഥാനങ്ങള്‍ക്കായി നടന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് 3-2 ന് പരാജയപ്പെട്ടതോടെയാണ് ഇന്ത്യന്‍ ടീം ലണ്ടനില്‍  നാണക്കേടിന്റെ പുതിയ അധ്യായം പൂര്‍ത്തിയാക്കിയത്. ഒളിമ്പിക്‌സ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും മോശം പ്രകടനമാണിത്. 1996-ലെ അറ്റ്‌ലാന്റാ ഒളിമ്പിക്‌സിലെ എട്ടാം സ്ഥാനമായിരുന്നു ഇത് വരെയുള്ള മോശം പ്രകടനം. ലണ്ടനില്‍ ഈ ചരിത്രം മാറ്റിയെഴുതിയ പുകള്‍പെറ്റ ഇന്ത്യന്‍ ടീം മത്സരിച്ച 6 കളികളില്‍ ഒന്നില്‍ പോലും വിജയിക്കാനാവാതെയാണ് നാണക്കേടിന്റെ പുതുചരിത്രം രചിച്ചത്.

ദീര്‍ഘകാലം ലോക ഹോക്കിയിലെ തലതൊട്ടപ്പന്മാരായി വിരാജിച്ച ടീമിനാണ് ഈ ഗതികേടെന്നോര്‍ക്കണം. 1928 ല്‍ ആംസ്റ്റര്‍ഡാം ഒളിമ്പിക്സില്‍ സ്വര്‍ണ്ണം നേടിയിടത്ത് തുടങ്ങുന്നു ലോക ഹോക്കിയിലെ ഇന്ത്യയുടെ അപ്രമാദിത്വം. പിന്നീട് 1956 മെല്‍ബണ്‍ ഒളിമ്പിക്‌സ്  വരെ അപരാജിതരായിരുന്നു ഇന്ത്യ. ഇക്കാലയളവില്‍ 6 ഒളിമ്പിക്‌സ് സ്വര്‍ണ്ണം ഇന്ത്യ നേടി. പിന്നീട് നേടിയ രണ്ട് സ്വര്‍ണ്ണവും ഒരു വെള്ളിയും രണ്ട് വെങ്കലവുമടക്കം പതിനൊന്ന് ഒളിമ്പിക്‌സ് മെഡലുകള്‍ രാജ്യത്തെത്തിക്കാന്‍ ഹോക്കി ടീമിനായി. 1980 ല്‍ മോസ്‌കോ ഒളിമ്പിക്‌സില്‍ സ്വര്‍ണ്ണം നേടിയതിന് ശേഷമാണ് ഇന്ത്യയുടെ പ്രതാപം അവസാനിക്കാന്‍ തുടങ്ങിയത്. പിന്നീടിതുവരെ ഒളിമ്പിക്‌സ് ഹോക്കിയില്‍ ഒരു മെഡല്‍ നേടാന്‍ രാജ്യത്തിനായിട്ടില്ല. കഴിഞ്ഞ തവണ ബെയ്ജിങ്ങിലേക്ക് യോഗ്യത പോലും നേടാന്‍ ടീമിനായില്ല.

8 വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇത്തവണ ലണ്ടനിലേക്ക് ടിക്കറ്റ് നേടിയപ്പോള്‍ രാജ്യത്തെ ഹോക്കി ആരാധകര്‍ അതിരറ്റ് ആഹ്ലാദിച്ചു. ആഹ്ലാദത്തിനപ്പുറം നഷ്ടപ്രതാപത്തിന്റെ ഗിരിശൃംഗത്തിലേക്ക് ഇന്ത്യന്‍ ഹോക്കി വീണ്ടും ഗോളടിച്ച് കയറുമെന്നവര്‍ പ്രതീക്ഷിച്ചു. ഒളിമ്പിക്‌സ് യോഗ്യതാ റൗണ്ടിലെ മിന്നുന്ന പ്രകടനം ഈ പ്രതീക്ഷക്ക് നിറം ചാര്‍ത്തി. 3 ദശകങ്ങള്‍ക്ക് ശേഷം ഒളിമ്പിക്‌സ് ഹോക്കിയില്‍ വീണ്ടുമൊരു മെഡല്‍, എന്നാല്‍ എല്ലാ പ്രതീക്ഷകള്‍ക്കുമപ്പുറം അവിശ്വസിനീയമാം വിധം തകര്‍ന്നടിഞ്ഞ് അവസാന സ്ഥാനവുമായി ലണ്ടനില്‍ നിന്ന് മടങ്ങാനായിരുന്നു ടീമിന്റെ യോഗം.

യോഗ്യതാ റൗണ്ടില്‍ പുറത്തെടുത്ത മിന്നുന്ന പ്രകടനം ഹോക്കിയിലെ പുതുശക്തികള്‍ക്കെതിരെ ആവര്‍ത്തിക്കാന്‍  കഴിയാത്തതാണ് പാരമ്പര്യത്തിന്റെ പകിട്ടുമായെത്തിയ ടീമിന്ത്യക്ക് വിനയായത്. ഹോളണ്ടിനോട് ആദ്യ മത്സരത്തില്‍ 3-2 ന്റെ  തോല്‍വിയോടെ തുടങ്ങിയ ഇന്ത്യ പിന്നീടുള്ള മത്സരങ്ങളില്‍ ന്യൂസിലന്റ് (3-1), ജര്‍മ്മനി (5-2), കൊറിയ (4-1), ബല്‍ജിയം (3-0), ദക്ഷിണാഫ്രിക്ക(3-2) എന്നിങ്ങനെ തോറ്റാണ് പരാജയ പരമ്പര പൂര്‍ത്തിയാക്കിയത്.

ആസ്‌ത്രേല്യക്കാരന്‍ കോച്ച് മൈക്കല്‍ നോബ്‌സ് നടപ്പിലാക്കിയ ആക്രമണ ഹോക്കി സമീപകാലത്തായി തുടര്‍വിജയങ്ങള്‍ സമ്മാനിച്ചപ്പോള്‍ ലണ്ടനിലും വിജയഗാഥ ആവര്‍ത്തിക്കുമെന്നായിരുന്നു പൊതുവെ വിലയിരുത്തപ്പെട്ടിരുന്നത്. എന്നാല്‍ ഇന്ത്യന്‍ താരങ്ങള്‍ ആക്രമണം മറന്നതിനോടൊപ്പം ടീമിന്റെ പ്രതിരോധവും പാളുന്നതാണ് ലണ്ടനില്‍ കണ്ടത്. ഇന്ത്യയുടെ ഗോള്‍ കണക്ക് തന്നെ ഇതിന് വ്യക്തമായ തെളിവാണ്. 6 മത്സരങ്ങളില്‍ നിന്നായി ടീമിന് നേടാനായത് 8 ഗോളുകള്‍ മാത്രം. വഴങ്ങിയതോ 21 എണ്ണം.

ഗോളവസരങ്ങള്‍ തുലക്കുന്നതില്‍ താരങ്ങള്‍ മത്സരിക്കുകയായിരുന്നു. തങ്ങളെക്കാള്‍ റാങ്കിങ്ങില്‍ പിന്നിലുള്ള ദക്ഷിണാഫ്രിക്കക്കെതിരായ മത്സരം മാത്രം പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാവും, ഗോളെന്നുറച്ച പത്തിലധികം അവസരങ്ങളാണ് മത്സരത്തില്‍ ടീമിന്ത്യ തുലച്ചത്. എല്ലാ മത്സരത്തിലും ഇത് തന്നെയായിരുന്നു സ്ഥിതി. ടീമിന്റെ  കുന്തമുനകളായി കരുതിയിരുന്ന സന്ദീപ് സിംഗും സര്‍ദാര്‍ സിംഗും തീര്‍ത്തും നിറം മങ്ങിയതും തിരിച്ചടിയായി. രണ്ട് പേര്‍ക്കും കൂടി മൂന്ന് ഗോളുകളാണ് നേടാനായത്. സമകാലീന ലോക ഹോക്കിയിലെ സൂപ്പര്‍ താരങ്ങളാണ് ഇരുവരും. യോഗ്യതാ റൗണ്ടുകളില്‍ ഉഗ്രന്‍ ഫോമിലായിരുന്ന സീനിയര്‍ താരങ്ങളായ ഇരുവരും മികവിലേക്കുയരാഞ്ഞത് ടീമിന്റെ മൊത്തം പ്രകടനത്തെ ബാധിച്ചെന്ന് വേണം കരുതാന്‍.

ഗോളടിക്കാന്‍ മറന്ന മുന്‍നിരയോടൊപ്പം പ്രതിരോധത്തിന്റെ ബാലപാഠങ്ങള്‍ പിന്‍നിരയും മറന്നതോടെ ലണ്ടനില്‍ തോല്‍വികള്‍ തുടര്‍ക്കഥയായി. ബെല്‍ജിയത്തിനെതിരായ 3-0ന്റെ തോല്‍വിക്ക് ശേഷം മാധ്യമ പ്രവര്‍ത്തകരെ കണ്ട ക്യാപ്റ്റന്‍ ഭരത് ഛേത്രി പറഞ്ഞു; നമുക്ക് പ്രതിരോധിക്കാനറിയില്ല, ഗോളടിക്കാനും. ഹോക്കിയില്‍ ഇനിയും പലതും നമ്മള്‍ പഠിക്കേണ്ടിയിരിക്കുന്നു.

ശരിയാണ് ഹോക്കിയുള്‍പ്പെടെയുള്ള ഏതൊരു ടീം ഗെയിമിന്റെയും ആദ്യപാഠങ്ങളാണ് പ്രതിരോധവും ആക്രമണവും. എതിരാക്രമണങ്ങളെ പ്രതിരോധ മതില്‍ തീര്‍ത്ത് കൂച്ചുവിലങ്ങിട്ട് നിര്‍ത്താനും പ്രതിരോധം തകര്‍ത്ത് ഗോള്‍മഴ വര്‍ഷിക്കാനും കഴിഞ്ഞാല്‍ മാത്രമേ ഏതൊരു ടീമിനും വിജയം കൈവരിക്കാനാവൂ. ഹോക്കിയില്‍ ആ ബാലപാഠങ്ങള്‍ ഇനിയും നമ്മള്‍ ശരിക്ക് അഭ്യസിച്ച് പഠിച്ചുറപ്പിക്കേണ്ടിയിരിക്കുന്നു, അതിനായി നമുക്ക് വീണ്ടും ശൈശവത്തിലേക്ക് മടങ്ങാം. പിച്ചവെച്ച് ബാലപാഠങ്ങള്‍ ശരിക്കഭ്യസിച്ച് ആദ്യം നിവര്‍ന്ന് നില്‍ക്കാന്‍ ശ്രമിക്കാം. എന്നിട്ട് സാവധാനം മെഡല്‍ സ്വപ്നങ്ങളിലേക്ക് കണ്‍മിഴിക്കാം. അതിനീ ലണ്ടന്‍ ദുരന്തഗാഥ ഒരു നിമിത്തമായിരുന്നെങ്കില്‍……

Advertisement