Categories

അനിശ്ചിതത്വത്തിന് വിരാമം: ഹോക്കി ക്യാമ്പ് ഇന്നുമുതല്‍

ബാംഗ്ലൂര്‍: ഇന്ത്യന്‍ ഹോക്കി ടീമിന്റെ പരിശീലന ക്യാമ്പിനെചൊല്ലിയുള്ള അനിശ്ചിതത്വത്തിന് വിരാമം. ക്യാമ്പിന് കേന്ദ്ര കായികമന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതോടെ  ക്യാമ്പ് ചൊവ്വാഴ്ചമുതല്‍ ബാംഗ്ലൂരിലെ സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ(സായി)യുടെ ട്രെയിനിങ് സെന്ററില്‍ തുടങ്ങാനും തീരുമാനമായി.

ഒളിമ്പിക്‌സിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി തിങ്കളാഴ്ച ആരംഭിക്കേണ്ട ക്യാമ്പ് കായിക മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാതെ അനിശ്ചിതത്വത്തില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. ഹോക്കി ഇന്ത്യയും സ്‌പോര്‍ട്‌സ് മന്ത്രാലയവും അടിയന്തരമായി ചേര്‍ന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്. 48 പേരാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്.

എതിര്‍സംഘടനയായ ഹോക്കി ഫെഡറേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വേള്‍ഡ് സീരീസ് ഹോക്കിക്ക് സമാന്തരമായി ദേശീയക്യാമ്പ് പ്രഖ്യാപിച്ചതാണ് വിവാദത്തിന് ഇടയാക്കിയത്. മാര്‍ച്ച് 13ന് ആരംഭിക്കാന്‍ ഉദ്ദേശിച്ചിരുന്ന ക്യാമ്പ് മുന്‍കൂട്ടി തുടങ്ങാന്‍ ഹോക്കി ഇന്ത്യ തീരുമാനിച്ചത് വേള്‍ഡ് സീരീസ് ഹോക്കി അട്ടിമറിക്കുന്നതിനുവേണ്ടിയാണെന്ന് കായികമന്ത്രാലയം ആരോപിച്ചിരുന്നു.

ഹോക്കി ഇന്ത്യയുടെ നടപടിയില്‍ മന്ത്രാലയത്തിനുള്ള എതിര്‍പ്പുമൂലമാണ് ക്യാമ്പിനുള്ള അനുമതി വൈകിയത്.കഴിഞ്ഞയാഴ്ച ദല്‍ഹിയില്‍ സമാപിച്ച യോഗ്യതാ ടൂര്‍ണമെന്റില്‍ ജേതാക്കളായാണ് ഇന്ത്യ ഒളിമ്പിക്‌സിന് യോഗ്യത നേടിയത്. ഇതേത്തുടര്‍ന്ന് 48 പേരുടെ സാധ്യതാപട്ടിക തയ്യാറാക്കി ഹോക്കി ഇന്ത്യ ക്യാമ്പ് പ്രഖ്യാപിക്കുകയായിരുന്നു.

ബാംഗ്ലൂരിലെ സായി സെന്റര്‍ കായികതാരങ്ങള്‍ക്കായി അനുവദിച്ചുതരണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ നവംബര്‍ 19 ന് കായികമന്ത്രാലത്തിന് കത്തയച്ചിരുന്നു. എന്നാല്‍ അതില്‍ നടപടിയൊന്നും ഉണ്ടായില്ല. സായ് സെന്ററില്‍ പരിശീലനം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട്  മീറ്റിംഗ് വിളിച്ചുചേര്‍ക്കണമെന്നാവശ്യപ്പെട്ട് സായ് എക്‌സിക്യൂട്ടിവ് ഡയരക്ടര്‍ പി.സി കശ്യപ് കായിക മന്ത്രാലയത്തിന് കത്തയച്ചിരുന്നു. ഇതേതുടര്‍ന്നാണ് നടപടിയില്‍ ഉടനടി തീരുമാനമായത്.

എന്നാല്‍, മാര്‍ച്ച് 13 ഏപ്രില്‍ 27 വരെ ക്യാമ്പ് നടത്താനാണ് ഹോക്കി ഇന്ത്യ ആദ്യം നിശ്ചയിച്ചിരുന്നത്.  എതിര്‍ സംഘടനയായ ഇന്ത്യന്‍ ഹോക്കി ഫെഡറേഷന്റെ കീഴില്‍ നടക്കുന്ന വേള്‍ഡ് സീരീസ് ഹോക്കി ചാമ്പ്യന്‍ഷിപ്പ് പൊളിക്കുന്നതിനാണ് ക്യാമ്പ് നേരത്തേയാക്കിയതെന്ന് കായിക മന്ത്രാലയത്തില്‍നിന്നുള്ള വൃത്തങ്ങള്‍ പറഞ്ഞു. ക്യാമ്പ് ആരംഭിക്കുന്നതോടെ ഇന്ത്യയുടെ ഒളിമ്പിക്‌സ്
പ്രതീക്ഷയ്ക്കും തുടക്കമായി.

ഇന്നലെ പരിശീലത്തിനായി ഹോക്കി അംഗങ്ങള്‍ ബാംഗ്ലൂരിലെത്തുമെങ്കിലും പരിശീലത്തിനായി ഗ്രൗണ്ട് ലഭിക്കാത്തതിനാല്‍ അവര്‍ക്ക് മുറിയില്‍ തന്നെ ഇരിക്കുകയായിരുന്നു.ഒളിമ്പിക്‌സിന് മുന്നോടിയായി നാല് പ്രധാന അന്താരാഷ്ട്രമത്സരങ്ങളിലും ഇന്ത്യ പങ്കെടുക്കുന്നുണ്ട്. പാകിസ്താനിലും സ്‌പെയിനിലും നടക്കുന്ന ചതുര്‍രാഷ്ട്ര ഹോക്കിടൂര്‍ണമെന്റുകളും മലേഷ്യയില്‍ നടക്കുന്ന സുല്‍ത്താന്‍ അസ്ലന്‍ഷാ കപ്പും ഉള്‍പ്പെടെയാണിത്.