ന്യൂദല്‍ഹി: ലോകം കണ്ട എക്കാലത്തെയും മികച്ച ബാറ്റിംഗ് പ്രതിഭകളിലൊരാളായ സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ പാക്കിസ്താന്‍ മുന്‍ പേസ് ബൗളര്‍ ഷുഹൈബ് അക്തര്‍ മാപ്പ് പറയണമെന്ന് ആവശ്യവുമായി  മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ടും കേന്ദ്രമന്ത്രിയായ വിലാസ് റാവു ദേശ് മുഖും രംഗത്ത്. നേരത്തെ ബി.സി.സി.ഐയും സമാന ആവശ്യം ഉന്നയിച്ചിരുന്നു.

വിവാദ പരാമര്‍ശത്തിന്റെ പേരില്‍ സച്ചിനോട് മാപ്പ് പറയാന്‍ അക്തര്‍ തയ്യാറാകണമെന്ന് ദേശ്മുഖ് ദില്ലിയില്‍ അവശ്യപ്പെട്ടു. സച്ചിനെ കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന പരാമര്‍ശങ്ങളാണ ഷുഹൈബിന്റേത്. സച്ചിന്‍ ലോകോത്തര കളിക്കാരന്‍ ആണ്. നിരവധി റെക്കോര്‍ഡുകള്‍ സച്ചിന്‍ ഇതിനകം സ്വന്തമാക്കി കഴിഞ്ഞു. തന്റെ പരാമര്‍ശത്തിന്റെ പേരില്‍ സച്ചിനോട് മാപ്പ് പറയാന്‍ അക്തര്‍ തയ്യാറാവണം

പുതുതായി പുറത്തിറങ്ങിയ ‘കോണ്‍ട്രവേര്‍ഷ്യല്‍ യുവേര്‍സ്’ എന്ന ആത്മകഥയിലാണ് അക്തര്‍ ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ വിവാദ പരാമര്‍ശം നടത്തിയിരിക്കുന്നത്. സച്ചിന്‍ പേസിനെ ഭയന്നിരുന്നെന്നും സച്ചിനും രാഹുല്‍ ദ്രാവിഡിനും ടീമിനെ വിജയിപ്പിക്കാനുള്ള കഴിവില്ലെന്നുമായിരുന്നു അക്തറിന്റെ വിമര്‍ശനം.

സച്ചിനും ദ്രാവിഡുനുമെതിരെ പരാമര്‍ശം നടത്തിയ അക്തര്‍ ഇരുവരോടും മാപ്പ് പറയാന്‍ തയ്യാറാവണമെന്ന് ഞായറാഴ്ച ബി.സി.സി.ഐ വക്താവും ഐ.പി.എല്ലിന്റെ പുതിയ ചെയര്‍മാനുമായ രാജീവ് ശുക്ലയും ആവശ്യപ്പെട്ടിരുന്നു.