ന്യൂദല്‍ഹി: ദല്‍ഹി ഹൈക്കോടതിക്കു സമീപമുണ്ടായ സ്‌ഫോടനത്തിന് പിന്നില്‍ ഹിസ്ബുള്‍ മുജാഹിദീനെന്ന് മൊഴി. ദല്‍ഹി സ്‌ഫോടനക്കേസിലെ മുഖ്യപ്രതിയെന്നു കരുതുന്ന വസീം അക്രം മാലിക് ദല്‍ഹിയിലെ പ്രാദേശിക കോടതിയില്‍ അറിയിച്ചതാണീകാര്യം.

Subscribe Us:

ഹിസ്ബുള്‍ മുജാഹിദ്ദീന്റെ സയ്യിദ് സലാഹുദ്ദീനും, അദ്ദേഹത്തിന്റെ കമ്മാന്ററായ ജഹാംഗീര്‍ സരൂരിയുമാണ് ദല്‍ഹിയില്‍ സ്‌ഫോടനം നടത്താന്‍ ഗൂഢാലോചന നടത്തിയത്. പാക് അധീന കാശ്മീരില്‍വച്ചായിരുന്നു സ്‌ഫോടനത്തിന് പദ്ധതിയിട്ടത്. താന്‍ തന്റെ സഹോദരന്‍ ജുനൈദ് അക്രമിനോടും സുഹൃത്ത് അമിര്‍ അലി കമാലിനോടും ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും വസീം കോടതിയെ അറിയിച്ചു.

സ്‌ഫോടനത്തിനായി ഇംപ്രൂവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ് (ഐ.ഇ.ഡി) സ്‌ഫോടനത്തിനായി ഉപയോഗിക്കാമെന്ന് നിര്‍ദേശിച്ചത് സലാഹുദ്ദീനായിരുന്നു. സ്‌ഫോടന തീവ്രത വര്‍ധിപ്പിക്കാന്‍ വേണ്ടിയായിരുന്നു ഇത്. പാര്‍ലമെന്റ് ആക്രമണ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അഫ്‌സല്‍ ഗുരുവിനെ തൂക്കിക്കൊല്ലുന്നതില്‍ പ്രതിഷേധിച്ചാണ് സ്‌ഫോടനം നടത്തിയത്. വക്കീലന്‍മാരെയായിരുന്നു പ്രധാനമായും ലക്ഷ്യമിട്ടത്. അഫ്‌സല്‍ ഗുരുവിനെ തൂക്കികൊല്ലാന്‍ നിയമപരമായ നീക്കം നടത്തിയത് അവരായതുകൊണ്ടാണ് വക്കീലന്‍മാരെ ലക്ഷ്യമിട്ടതെന്നും വസീം പറഞ്ഞു.

സ്‌ഫോടനം നടത്താനായി പാക് അധീന കാശ്മീരില്‍ നിന്നും രണ്ട് പാക്കിസ്ഥാനി ചാവേറുകളെ ആഗസ്റ്റില്‍ ഇങ്ങോട്ടേക്ക് അയച്ചു. ഇവര്‍ക്കൊപ്പം ദല്‍ഹി സ്വദേശിയായ ഒരാള്‍ കൂടിയുണ്ടായിരുന്നു. ഇയാളാണ് ദല്‍ഹി ഹൈക്കോടതിക്ക് സമീപം ബോംബ് വച്ചതെന്നും മാലിക് കുറ്റസമ്മതം നടത്തി.

ദല്‍ഹി കോടതിക്കു പുറത്തുള്ള സുരക്ഷാ ക്രമീകരണങ്ങളും, അതിന്റെ പഴുതുകളും നിരീക്ഷിക്കാനായി തന്റെ സംഘത്തെയാണ് ചുമതലപ്പെടുത്തിയത്.

ദല്‍ഹി സ്‌ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് പാക്ക് അധീന കാശ്മീര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഹിസ്ബുള്‍ മുജാഹിദ്ദീനാണെന്ന് എന്‍.ഐ.എ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ജുനൈദ് അക്രം, ഷാക്കിര്‍ ഹുസൈന്‍ ഷെയ്ക്ക്, അമിര്‍ അലി കമാല്‍ എന്നിവരാണ് സ്‌ഫോടനത്തിന് പിന്നില്‍പ്രവര്‍ത്തിച്ച പ്രധാനികളെന്നും എന്‍.ഐ.എ പറഞ്ഞിരുന്നു. ഇവരെ സംബന്ധിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ സമ്മാനവും എന്‍.ഐ.എ വാഗ്ദാനം നല്‍കിയിരുന്നു.

ഹര്‍കത്ത് ഉല്‍-ജിഹാദ് അല്‍- ഇസ് ലാമി എന്ന നിരോധിത സംഘടനയാണ് സ്‌ഫോടനം നടത്തിയതെന്ന് അവകാശപ്പെട്ട് ഇമെയില്‍ അയച്ചയാളെന്ന നിലയിലാണ് വസീം മാലിക്, ആമിര്‍ അബ്ബാസ് ദേവ് എന്നിവരെയും ഒരു കുട്ടിയെയും എന്‍.ഐ.എ അറസ്റ്റ് ചെയ്തത്. ഈ മൂന്നുപേരില്‍ രണ്ടുപേരും തങ്ങള്‍ ഗൂഢാലോചനയില്‍ പങ്കാളികളായിരുന്നെന്ന് സമ്മതിച്ചിട്ടുണ്ട്.