എഡിറ്റര്‍
എഡിറ്റര്‍
വായ്പ നല്‍കുന്നതില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ മുന്നില്‍: ചിദംബരം
എഡിറ്റര്‍
Wednesday 21st November 2012 11:36am

ബാംഗ്ലൂര്‍: വായ്പ അനുവദിക്കുന്നതില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ മുന്നിലാണെന്ന് കേന്ദ്രമന്ത്രി പി. ചിദംബരം. മുന്‍ഗണനാമേഖലകളില്‍ വായ്പ അനുവദിക്കുന്നതില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ കാട്ടുന്ന താത്പര്യം രാജ്യത്തെ മറ്റു മേഖലകളിലില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

Ads By Google

ഒരു കുടുംബത്തില്‍ ബാങ്ക് അക്കൗണ്ട് ഉറപ്പാക്കുന്ന സ്വാഭിമാന്‍ പദ്ധതി നടപ്പാക്കുന്നതില്‍ അഞ്ച് സംസ്ഥാനങ്ങളും മുന്നിലാണ്. സര്‍ക്കാര്‍ ക്ഷേമപദ്ധതികളില്‍ കൂടിയുള്ള സാമ്പത്തിക സഹായങ്ങളും പെന്‍ഷനുകളും സബ്‌സിഡികളും ബാങ്ക് വഴി വിതരണം ചെയ്യുന്നതോടെ സാധാരണ ജനവിഭാഗം ബാങ്കുകളുമായി കൂടുതല്‍ അടുക്കുമെന്നും ചിദംബരം പറഞ്ഞു.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു കേന്ദ്രമന്ത്രി. കര്‍ഷകര്‍, വിദ്യാര്‍ഥികള്‍, ന്യൂനപക്ഷം, ദുര്‍ബല വിഭാഗങ്ങള്‍ എന്നീ മേഖലകളില്‍ ബാങ്കുകള്‍ നല്‍കുന്ന വായ്പകളും കേന്ദ്ര സര്‍ക്കാറിന്റെ വിവിധ ക്ഷേമപദ്ധതികളും യോഗത്തില്‍ അവലോകനം ചെയ്തു.

ആദ്യഘട്ടത്തില്‍ 16 സംസ്ഥാനങ്ങളിലായി 51 ജില്ലകളില്‍ ബാങ്ക് വഴി സബ്‌സിഡി വിതരണം ചെയ്യുന്ന പദ്ധതി നടപ്പാക്കും. ആന്ധ്രയില്‍ അഞ്ചു ജില്ലകളും കര്‍ണാടകയില്‍ മൂന്നു ജില്ലകളും കേരളത്തില്‍ പത്തനംതിട്ട, വയനാട് ജില്ലകളുമാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തമിഴ്‌നാട്ടില്‍ അടുത്ത ഘട്ടത്തിലാണ് പദ്ധതി നടപ്പാക്കുക. അതേസമയം, കേരളം മുഴുവന്‍ ജില്ലകളിലും ഇതു നടപ്പാക്കുമെന്ന് അറിയിച്ചതായി ചിദംബരം പറഞ്ഞു.

Advertisement