എസ്സേയ്‌സ് /വി.പി. റെജീന

പുലിവാല്‍ കല്ല്യാണം എന്ന സിനിമയില്‍ ഒരു രംഗമുണ്ട്…
മുംബൈയില്‍നിന്ന് കൊച്ചിന്‍ ഹനീഫയുടെ കാറില്‍ കൊച്ചിയിലേക്ക് വരുന്ന സലിംകുമാര്‍. നല്ല ഉറക്കത്തിലായിരുന്ന സലിംകുമാര്‍ മയക്കത്തിനിടയില്‍ കണ്ണുതുറക്കാതെ മണംപിടിച്ച് പറയുന്നുണ്ട്…
”ഹും.. കൊച്ചിയെത്തി”
ചാനലുകളിലെ കോമഡി പരിപാടികളില്‍ നൂറ്റൊന്നാവര്‍ത്തിച്ച് കണ്ട് നമ്മള്‍ ചിരിച്ചു തിമിര്‍ക്കാറുണ്ട് ഈ സീനെത്തുമ്പോള്‍.

Subscribe Us:

ഇപ്പോള്‍ കേരളത്തിലെ ഓരോ ദേശത്തെയും നമ്മള്‍ സലിംകുമാറിനെപ്പോലെ മണംപിടിച്ച് അടയാളപ്പെടുത്തുന്നു..
”ഹും, കോഴിക്കോടെത്താറായി ഞെളിയന്‍ പറമ്പ് മണക്കുന്നു. തൃശൂരായി, ലാലൂരിന്റെ നാറ്റം…” അങ്ങനെയങ്ങനെ…
ബ്രഹ്മപുരം എന്ന് കൊച്ചിക്കാര്‍ ഈ നാറ്റത്തിന് പേര് വിളിക്കും. തിരുവനന്തപുരത്തുകാര്‍ക്കിത് വിളപ്പില്‍ശാലയായി മാറും…
തലശ്ശേരിയിലെത്തുമ്പോള്‍ പെട്ടിപ്പാലത്തിന്റെ നാറ്റക്കവാടങ്ങള്‍ തുറക്കും…

പക്ഷേ, ഈ നാറ്റത്തിന്റെ ഇരുപുറങ്ങളില്‍ മനുഷ്യര്‍ പുഴുക്കളെപ്പോലെ
ജീവിച്ചൊടുങ്ങുന്നുണ്ടെന്ന് നമ്മളില്‍ എത്രപേര്‍ ഓര്‍ക്കുന്നുണ്ട്?
അതേ, വെടിപ്പായ ഓരോ നഗരത്തിനും പിന്നിലും
വെട്ടിവെടിപ്പാക്കിയ ഓരോ ജീവിതത്തിനു പിന്നിലും
ഒരു അഴുക്കുചാലുണ്ട്…
വെടിപ്പായ ഓരോ കാഴ്ചയ്ക്ക് പിന്നിലും ഓരോ ചളിക്കുണ്ടുകളുണ്ട്.

കോഴിക്കോട് നഗരത്തിന്റെ മാലിന്യങ്ങള്‍ കഴിഞ്ഞ ഏഴ് പതിറ്റാണ്ടിലേറെയായി ഏറ്റുവാങ്ങുന്ന ഒരു ഗ്രാമത്തിന് നമ്മളിട്ട പേര് ഞെളിയന്‍പറമ്പ് എന്നാണ്. ദിവസവും ചീഞ്ഞു നാറുന്ന മാലിന്യങ്ങളുമായി നൂറുകണക്കിന് കോര്‍പറേഷന്‍ വണ്ടികള്‍ ഞെളിയന്‍പറമ്പിലേക്ക് വെച്ചുപിടിക്കുമ്പോള്‍ റോഡരികില്‍നിന്ന് മൂക്കുപൊത്തി നിലവിളിച്ച് രക്ഷപ്പെടുന്നവരാണ് നമ്മള്‍.

കഴിഞ്ഞ എത്രയോ വര്‍ഷങ്ങളായി രാപ്പകല്‍ ഈ നാറ്റം ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന ഒരു നാടിന്റെ, എത്ര വിശദീകരിച്ചാലും വാക്കുകള്‍ തോറ്റുപോകുന്ന ദൈന്യതയിലേക്കാണ് കേവലം ഒരു വാര്‍ത്തക്ക് വേണ്ടി ഇറങ്ങിത്തിരിച്ചപ്പോള്‍ കണ്ടുനടുങ്ങിയത്. പത്രപ്രവര്‍ത്തനത്തില്‍ വാര്‍ത്തകളോട് പാലിക്കേണ്ട നിസ്സംഗത പുലര്‍ത്താന്‍ കഴിയാതെപോകുന്ന ഇത്തരം സന്ദര്‍ഭങ്ങളില്‍ ഒരു പത്രപ്രവര്‍ത്തക എന്തെങ്കിലും ചെയ്‌തേ മതിയാകൂ എന്നു തോന്നിയപ്പോള്‍ എഴുതിയ ഒരു പരമ്പരയാണ് ‘ഇങ്ങനെയാണ് ഒരു നഗരം ഗ്രാമത്തെ വിഴുങ്ങുന്നത്…’ എന്ന പേരില്‍ 2009 ഒക്ടോബര്‍ 27 മുതല്‍ 31 വരെ എന്റെ പത്രമായ ‘മാധ്യമ’ത്തില്‍ അഞ്ച് ദിവസങ്ങളിലായി പ്രസിദ്ധീകരിച്ചത്.

ഒരുവിധം കെട്ടടങ്ങിക്കൊണ്ടിരുന്ന ഞെളിയന്‍പറമ്പ് സമരത്തെ വീണ്ടും ചൂടുപിടിപ്പിക്കാന്‍ ഈ പരമ്പര സഹായിച്ചതായി സമരസമിതി പ്രവര്‍ത്തകര്‍ തന്നെ സൂചിപ്പിക്കുകയുണ്ടായി. അതേത്തുടര്‍ന്നാണ്, കേരള സ്‌റ്റേറ്റ് ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് അസോസിയേഷന്റെ പരിസ്ഥിതി മാധ്യമ അവാര്‍ഡിന് ഈ പരമ്പര അയച്ചുകൊടുത്തത്. ആ അവാര്‍ഡ് ഈ പരമ്പരയ്ക്ക് കിട്ടിയപ്പോള്‍ അത് ഞെളിയന്‍പറമ്പുകാരുടെ വേദനയോടുള്ള അനുഭാവമായാണ് അനുഭവപ്പെട്ടത്.

കല്‍പ്പറ്റയില്‍വെച്ച് മന്ത്രിയായിരുന്ന ബിനോയ് വിശ്വത്തില്‍നിന്ന് അവാര്‍ഡ് സ്വീകരിക്കുമ്പോള്‍  ‘നിങ്ങള്‍ ഒരിക്കലെങ്കിലും ആ സ്ഥലം ഒന്നു സന്ദര്‍ശിക്കണം’ എന്ന് മന്ത്രിയോട് നേരിട്ട് പറയാന്‍ കഴിഞ്ഞത് ഒരു മാധ്യമ പ്രവര്‍ത്തക ആയതുകൊണ്ട് മാത്രമാണ്.

ഇപ്പോള്‍, പ്രാദേശിക പത്രങ്ങളില്‍ വന്ന  ഏറ്റവും മികച്ച ലേഖനത്തിനുള്ള രാംനാഥ് ഗോയങ്ക നാഷനല്‍ അവാര്‍ഡ് ഈ ലേഖനത്തിന് കിട്ടിയിരിക്കുന്നു. ലോകം നേരിട്ടുകൊണ്ടിരിക്കുന്ന അതി ഭീകരമായ ഒരു പ്രശ്‌നത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ഞെളിയന്‍പറമ്പ് എന്നാണ് അവാര്‍ഡ് സമിതി ചൂണ്ടിക്കാട്ടിയത്.
ഒരു മാധ്യമ പ്രവര്‍ത്തകയുടെ ജീവിതത്തിലെ ഏറ്റവും സന്തോഷം ഉണ്ടാകുന്ന അവസരങ്ങളില്‍ ഒന്നാണ് ഇത്തരം അവാര്‍ഡുകള്‍. പക്ഷേ, ഒരു ജനത നിരന്തരം അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരിതങ്ങള്‍ക്ക് ശമനമാകാതെ തുടരുമ്പോള്‍ സന്തോഷത്തിനൊപ്പം സങ്കടത്തിന്റെ ഒരുപാട് നിമിഷങ്ങള്‍ തരുന്നു.

നിങ്ങള്‍ക്ക് അവാര്‍ഡ് കിട്ടി, ഞെളിയന്‍പറമ്പുകാര്‍ക്ക് എന്ത് കിട്ടി? എന്ന് ചിലരെങ്കിലും ചോദിച്ചിട്ടുണ്ട്. ഇത്തരം ഭീഷണമായ ഒരു പ്രശ്‌നം പരിഹരിക്കാന്‍ ഒരു മാധ്യമപ്രവര്‍ത്തകന്റെ കൈയിലും മരുന്നില്ല. അഥവാ മരുന്നുകണ്ടെത്തല്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മാത്രമായി സാധിക്കുന്ന ഒന്നല്ല താനും. ഒരു വിഷയത്തെ ഏറ്റെടുത്ത് ജനമധ്യത്തില്‍ കൊണ്ടുവരാനും ആ സമരത്തിന്റെ തീ കെടാതെ സൂക്ഷിക്കാനും മാത്രമേ ഒരു പത്രപ്രവര്‍ത്തകന്റെ പേനയ്ക്ക് കഴിയുകയുള്ളു. അത് ആവുംവണ്ണം നിര്‍വഹിക്കുന്നു എന്ന സന്തോഷം മാത്രമാണുള്ളത്.

ഈ പ്രശ്‌നം ശാശ്വതമായി പരിഹരിക്കപ്പെടുമെങ്കില്‍ ഏത് അവാര്‍ഡിനെക്കാളും വലിയ പുരസ്‌കാരം അതായിരിക്കും.

ഒരിക്കല്‍ പത്രത്തിന്റെ പ്രാദേശിക പേജില്‍ അടക്കം ചെയ്യപ്പെട്ടു പോയ ഈ ലേഖന പരമ്പര വീണ്ടും വായിക്കണമെന്നാവശ്യപ്പെട്ട് അന്വേഷിച്ച അനേകം പേര്‍ക്ക് വേണ്ടിയാണ് ഒരിക്കല്‍കൂടി ഇവിടെ അവതരിപ്പിക്കുന്നത്.

ഇന്ന് കേരളത്തിന്റെ ഒട്ടുമിക്കയിടങ്ങളിലും ഞെളിയന്‍പറമ്പുകള്‍ ഉയര്‍ന്നുവരികയും അവിടങ്ങളിലെല്ലാം സമരമുഖങ്ങള്‍ തുറക്കപ്പെടുകയും ചെയ്യുമ്പോള്‍ ഈ പരമ്പര വീണ്ടും വായിക്കപ്പെടണമെന്ന് കരുതുന്നു…
ലേഖന പരമ്പരക്കായി ഇവിടെ ക്ലിക്ക് ചെയ്യുക