ശ്രീനഗര്‍: ജമ്മുകാഷ്മീരിലെ ശ്രീനഗറില്‍ സൂഫി ആരാധനാലയത്തില്‍ വന്‍തീപിടുത്തം. ഖന്യാര്‍ മേഖലയിലെ ഹസ്രാത് പീര്‍ ഗൗസുള്‍ അസം ദസ്‌ദേഗീര്‍ പള്ളിയിലാണ് തീപിടുത്തമുണ്ടായത്. ഇന്നു പുലര്‍ച്ചെയാണ് സംഭവം.

200 വര്‍ഷത്തെ പഴക്കമുള്ള ശ്രീനഗറിലെ ചരിത്രപ്രാധാന്യമേറിയ ആരാധനാലയമാണിത്. അഗ്നിബാധയില്‍ പള്ളിയുടെ തടികൊണ്ടുള്ള നിര്‍മിച്ച ഭാഗങ്ങള്‍ ഏറെക്കുറെ കത്തിനശിച്ചതായാണ് വിവരം.

ധാരാളം മരം ഉപയോഗിച്ച് പണിതിട്ടുള്ള ആരാധനാലയമാണ് ഇത്. നിരവധി അഗ്‌നിശമന വിഭാഗം സ്ഥലത്ത് കുതിച്ചെത്തി തീയണച്ചു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീപിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല.

സംഭവസമയത്ത് പള്ളിയില്‍ ആളുകള്‍ അധികം ഇല്ലാതിരുന്നത് അപകടത്തിന്റെ തീവ്രത കുറച്ചു. അതേസമയം തീ നിയന്ത്രണ വിധേയമായെന്നും പള്ളിക്കുള്ളിലുള്ള വിശിഷ്ട വസ്തുക്കളെല്ലാം സുരക്ഷിതമാണെന്നും അധികൃതര്‍ അറിയിച്ചു.