ന്യൂദല്‍ഹി: ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. ഡോളറിന് 54.18രൂപയാണ് ഇന്നത്തെ വില. യൂറോപ്പിലെ വായ്പാപ്രതിസന്ധി ഇന്ത്യന്‍ സമ്പദ്ഘടനയെ പിന്നോട്ടുവലിക്കുമെന്ന സന്ദേഹമാണ് രൂപയ്ക്ക് തിരിച്ചടിയായത്. വ്യവസായിക ഉത്പാദന വളര്‍ച്ച ഒക്ടോബറില്‍ പൂജ്യത്തിനും താഴെ മൈനസ് 5.1 ശതമാനമായി കൂപ്പുകുത്തിയതിനെത്തുടര്‍ന്ന് തിങ്കളാഴ്ച 1.53 ശതമാനം ഇടിവ് രൂപയുടെ മൂല്യത്തിലുണ്ടായി. ഇതിന് പിന്നാലെകഴിഞ്ഞദിവസവും മൂല്യത്തകര്‍ച്ചയുണ്ടായി.

ഡോളറിന് 53.74 രൂപ എന്ന നിരക്കിലാണ് ഇന്നലെ വിദേശനാണ്യ വിനിമയ വിപണിയില്‍ വ്യാപാരം അവസാനിച്ചത്. വ്യാവസായിക വളര്‍ച്ച കുറഞ്ഞെന്ന വാര്‍ത്ത പുറത്തു വന്നതോടെ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വന്‍തോതില്‍ ഓഹരി വിപണിയില്‍നിന്ന് പണം (ഡോളര്‍) പിന്‍വലിച്ചതാണ് ഡോളറിന് ഡിമാന്‍ഡ് ഉയരാനും രൂപയുടെ വന്‍ തകര്‍ച്ചയ്ക്കും വഴിയൊരുക്കിയത്. ഇറക്കുമതിയും കയറ്റുമതിയും തമ്മിലുള്ള വ്യത്യാസമായ വ്യാപാരക്കമ്മി ഉയരുന്നതാണ് രൂപയുടെ മൂല്യശോഷണത്തിന് ഒരു കാരണം.

Subscribe Us:

Malayalam news

Kerala news in English