പാറ്റ്‌ന: പ്രമുഖ ചരിത്രകാരന്‍ ആര്‍.എസ് ശര്‍മ അന്തരിച്ചു. പാറ്റ്‌നയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍വെച്ചായിരുന്നു അന്ത്യം. 92 വയസ്സായിരുന്നു. രോഗബാധിതനായതിനെത്തുടര്‍ന്ന് കുറച്ചുനാളുകളായി ചികില്‍സയിലായിരുന്നു.

രാജ്യാന്തരതലത്തില്‍ ശ്രദ്ധേയനായ ചരിത്രകാരനായിരുന്നു ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചിന്റെ സ്ഥാപക ചെയര്‍മാന്‍കൂടിയായ ശര്‍മ്മ.
ബീഹാറിലെ ബെഗുസാരായി ജില്ലയിലാണ് രാംശരണ്‍ ശര്‍മ്മ എന്ന ആര്‍.എസ് ശര്‍മ്മയുടെ ജനനം. പാറ്റ്‌ന യൂണിവേഴ്‌സിറ്റി, ദെല്‍ഹി യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് ടൊറന്റോ എന്നിവിടങ്ങളില്‍ അധ്യാപകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ചരിത്രസംബന്ധമായ 115 പുസ്തകങ്ങള്‍ 15 ഭാഷകളിലായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.