ന്യൂദല്‍ഹി: ഹിസാര്‍ ഉപതിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വോട്ട് ചെയ്തത് അഴിമതിയ്ക്കും കോണ്‍ഗ്രസിനും എതിരേയാണെന്ന് ബി.ജെ.പി. അഴിമതിയ്‌ക്കെതിരെയുളള ജനങ്ങളുടെ രോഷമാണ് ഹിസാര്‍ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പരാജയത്തിലേയ്ക്ക് നയിച്ചതെന്നും ബി.ജെ.പി വിലയിരുത്തി. രാജ്യത്തെ രാഷ്ട്രീയക്കാറ്റ് വീശുന്നത് ഏതുദിശയിലേയ്ക്കാണെന്ന് ഉപതിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നുവെന്ന് ബി.ജെ.പി നേതാവ് മുരളി മനോഹര്‍ ജോഷി പറഞ്ഞു.

Subscribe Us:

ജനങ്ങള്‍ അഴിമതിയ്ക്കും കോണ്‍ഗ്രസിനും എതിരേ വോട്ട് ചെയ്തതായാണ് തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത് ജനാധിപത്യത്തിന്റെ വിജയമാണെന്നും മുരളി മനോഹര്‍ ജോഷി വ്യക്തമാക്കി.

ബി.ജെ.പി- എച്ച്.ജെ.സി സഖ്യത്തെ വിജയിപ്പിച്ച ഹിസാറിലെ വോട്ടര്‍മാര്‍ക്ക് ബി.ജെ.പി നേതാവ് സുഷമാ സ്വരാജ് നന്ദി അറിയിച്ചു. ബി.ജെ.പി- എച്ച്.ജെ.സി സഖ്യം ഭാവിയിലും തുടരുമെന്ന് സുഷമാ സ്വരാജ് പറഞ്ഞു.

ഹിസാര്‍ ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി പിന്തുണയോടെ മത്‌സരിച്ച ഹരിയാന ജന്‍ഹിത് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി കുല്‍ദീപ് സിങ് ബിഷ്‌ണോയി വിജയിച്ചിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഇവിടെ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തളളപ്പെട്ടു. ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ സ്ഥാനാര്‍ത്ഥിയാണ് രണ്ടാം സ്ഥാനത്തെത്തിയത്.