വിബീഷ് വിക്രം

നിരത്ത് വക്കിലൂടെ കൂലിവേലതേടി നിരനിരയായി നടന്ന് നീങ്ങുന്ന തൊഴിലാളികള്‍, ഓഫീസിലെത്താനുള്ള വ്യഗ്രതയോടെ നഗരത്തിരക്കിലേക്ക് ഊളിയിട്ടിറങ്ങിയ ഉദ്ദ്യോഗസ്ഥര്‍, പുസ്തകവും മാറോടടുക്കിപിടിച്ച് രാവിലേ സ്‌കൂളിലേക്ക് നടന്ന് നീങ്ങുന്ന പിഞ്ചോമനകള്‍, പ്രിയപ്പെട്ടവരെ യാത്രയാക്കി അവരുടെ തിരിച്ച് വരവും പ്രതീക്ഷിച്ച വീട്ടിനകത്തിരിക്കുന്ന അമ്മമാര്‍…ലക്ഷക്കണക്കിന് വരുന്ന ഇത്തരം ജനവിഭാഗങ്ങളുടെ തലക്ക് മുകളിലാണ് ലോകപോലീസ് ചമയുന്ന അമേരിക്ക മാരകപ്രഹരശേഷിയുടെ ആദ്യ പരീക്ഷണം നടത്തിയത്.

ലോകമനസാക്ഷിയെ ഞെട്ടിച്ച ആ കൊടും ക്രൂരതക്കിന്ന് 66 വയസ് തികയുന്നു.  1945 ആഗസ്തിലാണ് ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക അണുബോംബ് വര്‍ഷിച്ചത്. ആഗസ്റ്റ് ആറിന് ഹിരോഷിമക്ക് മുകളിലും മൂന്ന് ദിവസത്തിന് ശേഷം തുറമുഖനഗരമായ നാഗസാക്കിക്ക് മുകളിലും അമേരിക്ക കൊടിയ വിഷത്തിന്റെ അണുപ്രസരണം നടത്തി. തുടക്കത്തില്‍ വിവരിച്ചത് പോലുള്ള നിരപരാധികളായ ലക്ഷകണക്കിനാളുകളാണ് ഇരുനഗരങ്ങളിലുമായി നിമിഷാര്‍ധത്തിനുള്ളില്‍ ചുട്ടെരിഞ്ഞത്. കെട്ടിടങ്ങള്‍ പൂര്‍ണ്ണമായും തകര്‍ക്കപ്പെട്ടു. അനേകായിരങ്ങള്‍ക്ക് അംഗവൈകല്യം സംഭവിച്ചു. സ്‌ഫോടനത്തെ അതിജീവിച്ചവര്‍ അധികം വൈകാതെ ഇഹലോകം പൂകി. നഗരങ്ങളുടെ ഹരിതാഭ പാടെ അപ്രത്യക്ഷമായി. മൃഗങ്ങള്‍, മത്സ്യങ്ങള്‍ എല്ലാം ചത്തൊടുങ്ങി. ആറരദശാബ്ദത്തിനിപ്പുറവും ബോംബിന്റെ അണുപ്രസരണം മൂലമുള്ള ആറ്റോമിക് റേഡിയേഷന്‍ സിന്‍ഡ്രോം പിടിപെട്ട് ആളുകള്‍ മരിച്ച് കൊണ്ടേയിരിക്കുന്നു.

പോര്‍വിമാനമായ ‘എനോളെഗെ’യാണ് ‘ലിറ്റില്‍ ബോയി’യെന്ന അണുബോംബ് ഹിരോഷിമയില്‍ ഇട്ടത്. ആഗസ്റ്റ ആറിന് രാവിലെ 8.15ഓടെ ‘എനോളെഗെ’ 300 മീറ്റര്‍ വീതിയും 4400 കിലോഗ്രാം ഭാരവവുമുള്ള ‘ലിറ്റില്‍ ബോയ്’ ഹിരോഷിമക്ക് മുകളില്‍ വര്‍ഷിച്ച് തിരിച്ച് പറന്നു. പട്ടണത്തിന് 580 മീറ്റര്‍ ഉയരത്തില്‍ വച്ച് ബോംബ് പൊട്ടിത്തെറിച്ചു. സ്‌ഫോടനത്തെതുടര്‍ന്ന സെക്കന്റുകള്‍കൊണ്ട് ആളിക്കത്തിയ അഗ്‌നിഗോളം 370 മീറ്റര്‍ ഉയരത്തേക്ക് ജ്വലിച്ചുയര്‍ന്നു, അന്തരീക്ഷോഷ്മാവ് 7200 ഡിഗ്രി ഫാരന്‍ഹീറ്റിലേക്കുയര്‍ന്നു. അതികഠിനമായ ചൂടില്‍ പട്ടണം വെന്തുരുകി. പട്ടണത്തിനരികിലൂടെ ഒഴുകുന്ന ഓഹിയോ നദി തിളച്ച് മറിഞ്ഞു. ചൂട് സഹിക്കാനാവാതെ നദിയിലേക്കെടുത്ത് ചാടിയവര്‍ വെള്ളത്തില്‍ കിടന്ന് വെന്ത് മരിച്ചു.

ഉയര്‍ന്ന് പൊന്തിയ തീജ്വാലകള്‍ കിലോമീറ്ററുകള്‍ക്കപ്പുറം നിന്ന് വീക്ഷിച്ചവര്‍ പോലും കത്തികരിക്കട്ടയായിത്തീര്‍ന്നു. ഒരുലക്ഷത്തിലേറെയാളുകളാണ് സ്‌ഫോടനം നടന്നയുടനെ മരിച്ചത്. അണുപ്രസരണം മൂലം ആളുകള്‍ മരിച്ച് കൊണ്ടേയിരിക്കുന്നു. 1991 വരെയിങ്ങനെ 1,72,024 പേര്‍ മരിച്ചുവെന്നാണ് ഔദ്ദ്യോഗിക കണക്ക്.

മൂന്ന് ദിവസത്തിന് ശേഷം ആഗസ്റ്റ് 9ന് 11.02നാണ് ദക്ഷിണ ജപ്പാനിലെ തുറമുഖനഗരമായ നാഗസാക്കി അണുബോബിനിരയായത് . ബോക്‌സ്‌കാര്‍ എന്ന വിമാനമാണ് ഫ്‌ളാറ്റ്മാന്‍ എന്നബോംബുവര്‍ഷിച്ചത്. സ്‌ഫോടനം 110 സ്‌ക്വയര്‍ കിലോമീറ്റര്‍ വരുന്ന പട്ടണത്തെ പൂര്‍ണ്ണമായും ഇല്ലാതാക്കി. പ്രദേശത്തെ 52,000 വരുന്ന വീടുകള്‍ തകര്‍ന്നടിഞ്ഞു. 70,000 തദ്ദേശവാസികളാണ് തല്‍ക്ഷണം മരിച്ചത്. അണുപ്രസരണം മൂലം പിന്നീട് 80,000 പേര്‍കൂടി മരിച്ചെന്നാണ് കണക്ക്.

അരനൂറ്റാണ്ടിനിപ്പുറം ഹിരോഷിമയും നാഗസാക്കിയും പഴയ പ്രതാപത്തിലേക്ക് നീങ്ങുകയാണ്.അതിജീനത്തിന്റെ പിതിയ പാഠങ്ങള്‍ രചിച്ച് അദ്ധ്വാനശീലരായ ഹിരോഷിമാ നാഗസാക്കി നിവാസികള്‍ നഗരങ്ങളുടെ മുഖഛായ തന്നെമാറ്റി. ഒരു പുല്‍കൊടിതുമ്പ് പോലും കിളിര്‍ക്കാന്‍ സാധ്യതയില്ലായെന്നു വിധിയെഴുതിയ ഹിരോഷിമയും നാഗസാക്കിയും ഇന്ന് ആധുനികതയുടെ എല്ലാ സുഖസൗകര്യങ്ങളോടുകൂടിയുള്ള ഏറ്റവും സമ്പന്നമായ നഗരങ്ങളാണ്.

തിരിച്ച് വന്ന ഹരിതാഭ, ആകാശം തൊട്ടെന്നപോലെ ഉയര്‍ന്ന് നില്‍ക്കുന്ന ആഢംബര കെട്ടിടങ്ങള്‍, എട്ട് വരിപാതയിലൂടെ ചീറിപായുന്ന ആധുനിക വാഹനങ്ങള്‍, തകര്‍ന്നടിഞ്ഞ വീടുകള്‍ക്ക് പകരം ഉയര്‍ന്ന് പൊങ്ങിയ ഫ്‌ളാറ്റുകള്‍ എല്ലാത്തിനും മൂകസാക്ഷിയായി സ്വച്ഛമായിയൊഴുകുന്ന ഓഹിയൊ നദിയും.

ഓഹിയൊ നദിക്കരയിലെ ഹിരോഷിമാ സ്മാരക മ്യൂസിയത്തില്‍ സൂക്ഷിച്ച് വച്ച ഒരു ക്ലോക്കുണ്ട്. സ്‌ഫോടനം നടന്ന സമയത്ത് നിശ്ചലമായ സൂചിയോട് കൂടി അതിപ്പഴും അവിടെതന്നെയുണ്ട്. ശാസ്ത്രത്തിന്റെ കുതിപ്പിലേറി സമയത്തെപോലും പിടിച്ച് കെട്ടാന്‍വെമ്പുന്ന മനുഷ്യന്റെ ക്രൂരമുഖത്തിന്റെ നേര്‍തെളിവായി.