ലക്‌നൗ: യു.പിയിലെ ഭാഗ്പത്‌ ജില്ലയില്‍ ലവ് ജിഹാദ് ആരോപിച്ച് യുവാക്കള്‍ക്ക് ഹിന്ദു യുവവാഹിനി പ്രവര്‍ത്തകരുടെ ക്രൂരമര്‍ദ്ദനം. മൂന്ന് യുവാക്കള്‍ക്കാണ് മര്‍ദ്ദനമേറ്റത്.

പഞ്ചാബ് സ്വദേശികള്‍ക്കാണ് മര്‍ദ്ദനമേറ്റത്. കോടതിയുടെ സഹായത്തോടെ വിവാഹിതരാകുന്നതിനായാണ് യുവാവും സുഹൃത്തുക്കളും പഞ്ചാബിലെത്തിയത്. സംഭവം അറിഞ്ഞെത്തിയ ഹിന്ദു യുവവാഹിനി പ്രവര്‍ത്തകരാണ് ആക്രമണമഴിച്ചുവിട്ടത്. കൃത്യസമയത്ത് സ്ഥലത്തെത്തിയ പൊലീസാണ് യുവാക്കളെ രക്ഷിച്ചത്.

പഞ്ചാബ് സ്വദേശിയായ യുവതിയ്‌ക്കൊപ്പം എത്തിയതായിരുന്നു യുവാവും സഹോദരങ്ങളും. മൂന്ന് യുവാക്കളും യു.പിയിലെ ഒരു വക്കീലിന്റെ ചേമ്പറില്‍ ഇരുന്ന് സംസാരിക്കവെയാണ് അക്രമികളെത്തിയത്.

യുവവാഹിനി പ്രവര്‍ത്തകരില്‍ ചിലര്‍ യുവാക്കളുടെ അടുത്തെത്തി എന്തിനാണ് ഇവിടെ വന്നതെന്ന് ആരാഞ്ഞു. ഹിന്ദു യുവതിയെ വിവാഹം ചെയ്യാനെത്തിയ യുവാവ് മറ്റൊരു സമുദായക്കാരനാണെന്ന് മനസിലായതോടെ അക്രമികള്‍ യുവാക്കളെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

മൂന്ന് യുവാക്കളും യുവതിയ്‌ക്കൊപ്പം നാലുദിവസം മുമ്പാണ് പഞ്ചാബ് വിട്ടതെന്ന് ചോദ്യം ചെയ്യലില്‍ മനസിലായതായി പൊലീസ് പറയുന്നു. യുവാക്കളുടെ സ്വദേശമായ ബര്‍നാലയിലെ പൊലീസുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അവര്‍ ഇവിടേക്ക് തിരിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.