എഡിറ്റര്‍
എഡിറ്റര്‍
പശുക്കിടാവിനെ ഇടിച്ച് തെറിപ്പിച്ച ശേഷം ഹിന്ദു യുവവാഹിനി നേതാവിന്റെ കാര്‍ നിര്‍ത്താതെ പോയതായി ആരോപണം
എഡിറ്റര്‍
Friday 7th April 2017 3:12pm

ലക്‌നൗ: പശുക്കിടാവിനെ ഇടിച്ചുതെറിപ്പിച്ച ശേഷം ലക്‌നൗ ഹിന്ദു യുവവാഹിനി ജില്ലാ കണ്‍വീനറുടെ കാര്‍ നിര്‍ത്താതെ പോയതായി ആരോപണം.

ജാനകിപുരത്തെ നിവാദ ഏരിയയിലാണ് സംഭവം. യു.പി മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് ചുമതലയേറ്റെടുത്തതിന് പിന്നാലെ ഗോസംരക്ഷണം യുവവാഹിനിയുടെ നേതൃത്വത്തിലായിരുന്നു.

പശുക്കിടാവിന്റെ ഉടമയായ രാജ്‌റാണിയുടെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കണ്ടാലറിയാവുന്ന ചിലര്‍ക്കെതിരെയാണ് പൊലീസ് കേസ് ചുമത്തിയത്. അടുത്തുള്ള മദ്യശാലയില്‍ നിന്നും പുറത്തിറങ്ങിയ ചിലയാളുകള്‍ അതിവേഗത്തില്‍ കാര്‍ ഓടിച്ചുവരികയും പശുക്കിടാവിനെ ഇടിച്ചുതെറിപ്പിക്കുകയുമായിരുന്നെന്ന് രാജ്‌റാണി പരാതിയില്‍ പറയുന്നു.

പശുക്കിടാവിനെ ഇടിച്ചുതെറിപ്പിച്ച ശേഷം അതിനേയും വലിച്ച് ഏതാണ്ട് 20 മീറ്ററോളം കാര്‍ മുന്നോട്ടുപോയെന്നും ഇവര്‍ പറയുന്നു. തുടര്‍ന്ന് ആളുകള്‍ ഓടിക്കൂടിയപ്പോള്‍ മറ്റ് വഴിയില്ലാതെ അയാള്‍ വാഹനം നിര്‍ത്തുകയായിരുന്നു.

തുടര്‍ന്ന് രോഷാകുലരായ ജനക്കൂട്ടം കാര്‍ അടിച്ചുതകര്‍ത്തും. കാറിലെ ഡ്രൈവര്‍ മദ്യപിച്ചിരുന്നെന്നും കാറില്‍ നിന്നും മദ്യക്കുപ്പില്‍ കണ്ടെടുത്തതായും രാജ് റാണിയുടെ മകന്‍ അശ്വിനി കുമാര്‍ പറയുന്നു.

സെക്ഷന്‍ 279 , 429 വകുപ്പുകളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. കാര്‍ കണ്ടെടുത്തിട്ടുണ്ടെങ്കിലും കാറിന്റെ ഉടമയെ കിട്ടിയില്ലെന്നാണ് പൊലീസ് പറയുന്നത്.

അതേസമയം ഹിന്ദുയുവവാഹിനി ജില്ലാ കണ്‍വീനര്‍ അഖണ്ഡ് പ്രതാപ് സിങ്ങാണ് കാറിനകത്ത് ഉണ്ടായിരുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. അതേസമയം അങ്ങനെയൊരു സംഭവമേ തങ്ങള്‍ക്ക് അറിയില്ലെന്നാണ് ഹിന്ദുയുവവാഹിനിയുടെ പ്രതികരണം.

Advertisement