ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബുലന്ദ്ശ്വറില്‍ മുസ്‌ലീം പള്ളിയില്‍ അതിക്രമിച്ച് കയറി പള്ളിക്ക് മുകളില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തി ഹിന്ദുയുവവാഹിനി പ്രവര്‍ത്തകര്‍. പള്ളിക്ക് മുകളില്‍ പതാക ഉയര്‍ത്തിയ ഇവര്‍ വന്ദേമാതരം എന്ന് ഉച്ചത്തില്‍ വിളിക്കുന്നുമുണ്ടായിരുന്നു. വെള്ളിയാഴ്ച്ച ബുലന്ദ്സര്‍ ജില്ലയിലെ അതൗളിയിലാണ് സംഭവമുണ്ടായത്.

യു.പിയില്‍ മുസ്‌ലീം പള്ളി തകര്‍ത്ത് കലാപമുണ്ടാക്കാന്‍ ഹിന്ദുയുവവാഹിനി പ്രവര്‍ത്തര്‍ മറ്റൊരു ശ്രമം നടത്തിയായും പൊലീസ് സൂപ്രണ്ട് പ്രവീണ്‍ രഞ്ജന്‍ സിങ് പറഞ്ഞു.


Dont Miss തിരുവോണനാള്‍ വാമനജയന്തിയായി ആഘോഷിക്കാം; മഹാബലിക്ക് ഇപ്പോള്‍ നല്‍കുന്നത് വികൃതരൂപമെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍


ഹിന്ദുയുവവാഹിനിയുടെ പ്രവര്‍ത്തകര്‍ വന്ദേമാതരം എന്ന് ആര്‍ത്ത് വിളിച്ച് മുസ്‌ലീം പള്ളിയിലേക്ക് അതിക്രമിച്ച് കയറുന്നതും രണ്ട് പേര്‍ പള്ളിക്ക് മുകളില്‍ കയറി പതാക ഉയര്‍ത്തുന്നതിന്റേയും വീഡിയോ ഉള്‍പ്പെടെ പുറത്തുവന്നിട്ടുണ്ട്. അതേസമയം പ്രവര്‍ത്തകരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസെന്നും സൂപ്രണ്ട് പറഞ്ഞു.

ഗ്രാമത്തില്‍ ചത്തപശുവിനെ കണ്ടതായി വാര്‍ത്ത പ്രചരിച്ചതിന് പിന്നാലെയാണ് ഹിന്ദു യുവവാഹിനി പ്രവര്‍ത്തകര്‍ സംഘടിച്ചെത്തിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ് സ്ഥാപിച്ച സംഘടനയാണ് ഹിന്ദു യുവവാഹിനി. നിരവധി അക്രമങ്ങളാണ് സംഘടനയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് അരങ്ങേറുന്നത്. ആദിത്യനാഥ് അധികാരമേറ്റ് 100 ദിവസത്തിനുള്ളില്‍ 2317 വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍.