ന്യൂദല്‍ഹി: സെലിബ്രിറ്റി ഹെയര്‍ സ്റ്റൈലര്‍ ജാവേദ് ഹബീബിന്റെ ഉത്തര്‍പ്രദേശിലെ സലൂണ്‍ തകര്‍ത്തു. കൊല്‍ക്കത്ത ന്യൂസ് പേപ്പറില്‍ നല്‍കിയ പരസ്യങ്ങളില്‍ ഒന്നില്‍ ഹിന്ദു ദൈവങ്ങളുടെ കാരിക്കേച്ചര്‍ ഉപയോഗിച്ചതിനു പിന്നാലെയാണ് ഹബീബിന്റെ സലൂണിനുനേരെ ആക്രമണമുണ്ടായത്.

പരസ്യം ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നതാണെന്നാരോപിച്ച് സംഘപരിവാര്‍ സംഘടനകള്‍ രംഗത്തുവരികയായിരുന്നു. ഇതേത്തുടര്‍ന്ന് ജാവേദ് ഹബീബ് ഖേദപ്രകടനവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് അദ്ദേഹത്തിന്റെ സലൂണിനുനേരെ ആക്രമണമുണ്ടായത്.


Must Read: ഗൗരിയെന്റെ ചേച്ചി, ആ രക്തസാക്ഷിത്വം വെറുതെയാവില്ലെന്ന് ജയിലില്‍ നിന്നും ചന്ദ്രശേഖര്‍ ആസാദ് രാവണ്‍


ഹിന്ദു ജാഗരണ്‍ മഞ്ചാണ് ആക്രമണത്തിനു പിന്നിലെന്ന് പൊലീസ് പറയുന്നത്. ലക്‌നൗവിലെ മോട്ടിനഗറിലുള്ള സലൂണാണ് ആക്രമിക്കപ്പെട്ടത്. കസ്റ്റമേഴ്‌സ് ഉള്ളിലിരിക്കെയാണ് സലൂണിനുനേരെ ആക്രമണമുണ്ടായത്.

ഹിന്ദു ദേവന്‍മാരും ദേവികളും സലൂണിലെത്തി മേക്കപ്പ് ചെയ്യുന്ന തരത്തിലുള്ള പരസ്യമാണ് വിവാദത്തിന് ആധാരം. ലക്ഷ്മീദേവിയും ദുര്‍ഗാദേവിയും സരസ്വതീ ദേവിയും ഗണപതിയും മുരുകനും സലൂണില്‍ എത്തി വിവിധ മേക്കപ്പുകള്‍ ചെയ്യുന്നതായിരുന്നു പരസ്യത്തില്‍ ചിത്രീകരിച്ചത്. ദൈവങ്ങള്‍ വരെ ജെ.എച്ച് സലൂണില്‍ എത്തുന്നു എന്നതായിരുന്നു പരസ്യവാചകം.

എന്നാല്‍ ഇത് ഹിന്ദുക്കളെ അപമാനിക്കുന്നതാണെന്ന് കാണിച്ച് അഭിഭാഷകനായ കെ. കരുണസാഗര്‍ സായ്ദാബാദ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.